ലഖ്നൗ: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിപ്പോയതിനെ തുടർന്നു മനംനൊന്ത യുവാവ് തന്റെ നാല് മക്കളുമായി യമുനാ നദിയിലേക്ക് ചാടി. മുസഫർനഗറിലെ ഷാംലി ജില്ലയിലെ 38 കാരനായ സൽമാനാണ് മക്കളുമായി നദിയിലേക്ക് ചാടിയത്. മഹാക് (12), ഷിഫ (5), അമൻ (3), എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് സല്‍മാനൊപ്പമുണ്ടായിരുന്നത്. ഒരാഴ്ച മുമ്പാണ് സൽമാന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിപ്പോയത്. യുവതി ഒളിച്ചോടിയതിലുള്ള നിരാശ പ്രകടിപ്പിക്കുന്ന വീഡിയോകൾ സൽമാൻ മാതാപിതാക്കൾക്കും സഹോദരിമാർക്കും അയച്ചുനൽകിയിരുന്നു. വെള്ളിയാഴ്ച, സൽമാൻ തന്റെ നാല് മക്കളോടൊപ്പം യമുന പാലത്തിൽ എത്തുകയും തുടർന്ന്, അദ്ദേഹം ഒരു വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. വിഡിയോവിൽ ഭാര്യ ഖുഷ്നുമയും കാമുകനുമാണ് ഇതിന് ഉത്തരവാദികളെന്നും പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലേക്കും ഈ വിഡിയോ പങ്കുവച്ചു. ശേഷം തന്റെ നാല് മക്കളോടൊപ്പം കരകവിഞ്ഞൊഴുകുന്ന പുഴയിലേക്ക് ചാടി. സൽമാനും കുട്ടികളും വീട്ടിൽ കാണാത്തതിനെ തുടർന്ന് സഹോദരി ബന്ധുക്കളും അവർക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. പുഴയിൽ ചാടിയവരെ കണ്ടെത്താനായി മുങ്ങൽ വിദഗ്ധരെ നിയോഗിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 15 വര്‍ഷം മുമ്പാണ് സൽമാനും ഖുഷ്‌നുമയും വിവാഹിതരായത്. എന്നാൽ അടുത്തിടെ കുടുംബ തർക്കങ്ങൾ രൂക്ഷമായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
