ന്യൂഡല്‍ഹി: ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മരുന്ന് കുറിച്ചുനല്‍കിയ ഡോക്ടറെ അറസ്റ്റ് ചെയ്തു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടര്‍ പ്രവീണ്‍ സോണിയാണ് അറസ്റ്റിലായത്. മധ്യപ്രദേശില്‍ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. കോള്‍ഡ്രിഫ് സിറപ്പ് ഉല്‍പ്പാദിപ്പിച്ച തമിഴ്നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെയും മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. ഈ സിറപ്പ് കഴിച്ച കുട്ടികളാണ് മരിച്ചത്. സിറപ്പില്‍ 48.6 ശതമാനം ബ്രേക്ക് ഓയില്‍ അടങ്ങിയെന്നായിരുന്നു കണ്ടെത്തല്‍. രാജ്യത്താകെ 14 കുട്ടികളാണ് ഇതുവരെ മരിച്ചത്. കേരളത്തിന് പിന്നാലെ തെലങ്കാനയിലും കോള്‍ഡ്‌റിഫ് ചുമ മരുന്ന് നിരോധിച്ചു. 2 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് നിര്‍ദേശിക്കരുതെന്ന് സെന്‍ട്രല്‍ ഡയറക്ടറേറ്റ് ഓഫ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് നിര്‍ദേശിച്ചിട്ടുണ്ട്. വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മരിച്ച 11 കുട്ടികളുടെ ബന്ധുക്കള്‍ക്ക് നാലുലക്ഷം വീതം മധ്യപ്രദേശ് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു.
