കാസര്‍കോട്: കാഞ്ഞങ്ങാട്, പുഞ്ചാവിയിലെ ഇരുനില വീട്ടില്‍ നിന്നു സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. വയനാട് വെള്ളമുണ്ട, മയത്തിങ്കാല്‍ ഹൗസിലെ മുഹമ്മദ് അഫ്‌സലി (29) നെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ നിലവില്‍ പുല്ലൂര്‍, തടത്തിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു. സെപ്തംബര്‍ 25ന് രാത്രി 11.30 നും 26 ന് ഉച്ചയ്ക്ക് 11.30 നും ഇടയിലുള്ള ഏതോ സമയത്തായിരുന്നു കവര്‍ച്ച. വീട്ടുടമയായ എ.റഹ്‌മത്തും കുടുംബവും പുറത്തുപോയ സമയത്തായിരുന്നു സംഭവം. സമീപത്തെ തെങ്ങില്‍ കയറിയാണ് മോഷ്ടാവ് വീടിന്റെ മുകളിലെ നിലയില്‍ എത്തിയത്. തുടര്‍ന്ന് പുറത്തേയ്ക്കുള്ള വാതില്‍ കുത്തിത്തുറന്ന ശേഷം വീട്ടിനകത്തെ അലമാര കുത്തിപ്പൊളിച്ച് ഒരു പവന്‍ സ്വര്‍ണ്ണവും അര ലക്ഷം രൂപയും കൈക്കലാക്കിയെന്നാണ് കേസ്. സ്ഥലത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ്. എസ് ഐ മാരായ മോഹനന്‍, കുഞ്ഞബ്ദുള്ള എന്നിവരാണ് കേസ് അന്വേഷിച്ചത്.
