മഞ്ചേശ്വരം: സര്‍ക്കാരിനു പണം ഇല്ലെന്ന് ആരു പറഞ്ഞു? മംഗല്‍പാടി പഞ്ചായത്തിലെ ബേക്കൂരില്‍ കാടിനു പടന്നു കയറാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്തു എത്രയോ കാലം മുമ്പു കെട്ടിടമുണ്ടാക്കിക്കൊടുത്തു. കെട്ടിടം നല്‍കുന്ന ശീതളഛായയില്‍ കാട്ടു പുല്ലുകള്‍ പടര്‍ന്നു കെട്ടിടത്തിനുള്ളിലേക്കും കയറുന്നു.
മംഗല്‍പ്പാടി പഞ്ചായത്തിലെ 8-ാംവാര്‍ഡായ ബേക്കൂറില്‍ വളരെ പണ്ടു കാലം മുതല്‍ ഒരു ഫാമിലി വെല്‍ഫെയര്‍ സെന്ററുണ്ടായിരുന്നു. രോഗികളെ ശുശ്രൂഷിക്കുന്ന ആതുര കേന്ദ്രത്തിനു പരിചരണം ഇല്ലാതായതുകൊണ്ടും കാലപ്പഴക്കം കൊണ്ടും അതു ജീര്‍ണ്ണിച്ച് അപകടനിലയിലെത്തിയതോടെ പൊളിച്ചുമാറ്റി പുതിയ കെട്ടിടം സ്ഥാപിക്കാന്‍ ജനങ്ങള്‍ അലമുറയിട്ടു. പഞ്ചായത്തിനും സര്‍ക്കാരിനും അതു പുതുമയായി തോന്നിയില്ലെങ്കിലും എം എല്‍ എ പ്രശ്‌നത്തിലിടപ്പെട്ടു. എം എല്‍ എ ഫണ്ടിലെ പണം കൊണ്ട് ബേക്കൂര്‍ ഫാമിലി വെല്‍ഫെയല്‍ കേന്ദ്രത്തിനു കെട്ടിടം പണിഞ്ഞു. എന്നിട്ട് ആ കെട്ടിടത്തിന് എന്തായെന്നു എം എല്‍ എ പോലും ശ്രദ്ധിക്കാതായതിനെ തുടര്‍ന്നു കാട്ടുപുല്ലു കെട്ടിടം വളഞ്ഞു. കെട്ടിടത്തിനു ചുറ്റുമതിലും വൈദ്യുതി കണക്ഷനുമില്ലാതെ എങ്ങനെയാണ് ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ അതില്‍ പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ ചോദിക്കുന്നു. എന്നാല്‍ ചുറ്റുമതിലും വൈദ്യുതിയും സ്വയം വരുന്ന സംഗതിയാണോ എന്ന് രോഗികള്‍ മനസ്സിലും ചോദിക്കുന്നു. പഞ്ചായത്തിലെ ജനങ്ങളോടു പഞ്ചായത്തു ഭരണത്തിനു താല്‍പ്പര്യമുണ്ടെങ്കില്‍ ചെയ്യാവുന്ന കാര്യമേ ഉള്ളൂവെങ്കിലും അവര്‍ക്കതിനു മനസ്സു വരുന്നില്ല.

പൊതുജനങ്ങളുടെ പണം ഇത്തരത്തില്‍ നാടിനും ജനങ്ങള്‍ക്കും പ്രയോജനമില്ലാതെ പാഴാക്കുന്നത് അനുചിതമാണെന്ന് എന്‍ സി പി (എസ്) മണ്ഡലം പ്രസിഡന്റ് മഹ്‌മൂദ് കൈക്കമ്പ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയെ അറിയിച്ചു. ബേക്കൂരിലെ ഫാമിലി വെല്‍ഫെയല്‍ സെന്റര്‍ ഉടന്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.