കണ്ണൂര്‍: പട്ടാപ്പകല്‍ ഇമാമിന്റെ മുറിയില്‍ നിന്നു 1.33 ലക്ഷം രൂപയും സ്വര്‍ണ്ണമോതിരവും കവര്‍ന്ന ഉള്ളാള്‍ സ്വദേശി അറസ്റ്റില്‍. ഉള്ളാളിലെ മുഹാദ് മുന്ന (40)യെ ആണ് ഇരിട്ടി ഡിവൈ എസ് പി പി കെ ധനജ്ഞയബാബുവിന്റെ നിര്‍ദ്ദേശം പ്രകാരം ഇന്‍സ്‌പെക്ടര്‍ രാജേഷ് ആയോടനും സംഘവും അറസ്റ്റു ചെയ്തത്.
ഇരിക്കൂര്‍, സിദ്ദീഖ് നഗറിലെ അബൂബക്കര്‍ സിദ്ദീഖ് മസ്ജിദ് ഇമാം ബീഹാര്‍ സ്വദേശിയായ ആഷിഖ് അലാഹിയുടെ മുറിയില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്.
സെപ്തംബര്‍ 28ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. ഇമാം സമീപത്തെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു.ഉള്ളാള്‍ സ്വദേശിയായ മുഹാദ് ഇരിക്കൂറില്‍ നിന്നും വിവാഹം കഴിച്ച് അവിടെ തന്നെയാണ് താമസം. പള്ളിയിലെ സ്ഥിരം സന്ദര്‍ശകനായ ഇയാള്‍ ഉള്ളാളിലേയ്ക്ക് വല്ലപ്പോഴും മാത്രമേ പോകാറുള്ളൂ. ഇമാമിന്റെ താമസസ്ഥലത്തെ കുറിച്ച് ഇയാള്‍ക്ക് കൃത്യമായി അറിയാം. അതിനാല്‍ കവര്‍ച്ച നടത്തിയത് ഇയാള്‍ തന്നെ ആയിരിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പൊലീസ്.
കവര്‍ച്ചയ്ക്കു പിന്നാലെ ഇരിക്കൂറില്‍ നിന്നും ഇയാള്‍ ഉള്ളാളിലേയ്ക്ക് പോയി. ഇതോടെ സംശയം ഇരട്ടിച്ച പൊലീസ് ഉള്ളാളില്‍ എത്തി. പൊലീസ് എത്തും മുമ്പെ മുഹാദ് ഉള്ളാളില്‍ നിന്നു മുങ്ങി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കണ്ണൂര്‍ ടൗണില്‍ ഉള്ളതായി വിവരം ലഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 11.30മണിയോടെ ഡിവൈ എഫ് പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എ എം ഷിജോയ്, കെ ജെ ജയദേവന്‍, രതീഷ് കല്യാടന്‍, കെ പി നിജീഷ്, ഇ സുമേഷ് എന്നിവര്‍ സ്ഥലത്തേയ്ക്ക് കുതിച്ചെത്തി പിടികൂടുകയായിരുന്നു.







