കാസര്‍കോട്: കളഞ്ഞു കിട്ടിയ നോട്ടുകെട്ട് തേടി ഉടമസ്ഥന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി. തെളിവുകള്‍ നിരത്തിയതോടെ ഉടമസ്ഥനെ തിരിച്ചറിഞ്ഞ പൊലീസ് പണം കൈമാറി. പണം കളഞ്ഞു കിട്ടിയ ആള്‍ക്കും പൊലീസില്‍ ഏല്‍പ്പിച്ച മെഡിക്കല്‍ ഷോപ്പ് ഉടമയ്ക്കും നോട്ടുകളുടെ ഉടമ നന്ദിപറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചട്ടഞ്ചാലിലെ അര്‍ബന്‍ ബാങ്കിനു സമീപത്തു നിന്നു ആദൂര്‍ സ്വദേശിയായ മനീഷിനാണ് റബ്ബര്‍ ബാന്റിട്ട നിലയില്‍ ഒരു കെട്ട് നോട്ടുകള്‍ കളഞ്ഞു കിട്ടിയത്. ഉടമയെ തിരിച്ചറിയാനുള്ള സൂചനകളൊന്നും ഉണ്ടായിരുന്നില്ല. മനീഷ് പണം സമീപത്തെ ദിവ്യശ്രീ മെഡിക്കല്‍ ഷോപ്പ് ഉടമ രാമചന്ദ്രനു കൈമാറി. മനീഷിന്റെ സാന്നിധ്യത്തില്‍ പണം എണ്ണിത്തിട്ടപ്പെടുത്തിയ രാമചന്ദ്രന്‍ പണം കളഞ്ഞു കിട്ടിയ കാര്യം വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അറിയിച്ചുവെങ്കിലും വൈകുന്നേരംവരെ ആരും എത്തിയില്ല. കളഞ്ഞു കിട്ടിയ മുതല്‍ ഇനിയും കൈവശം വയ്ക്കുന്നത് ശരിയല്ലെന്നു കണക്കു കൂട്ടിയ രാമചന്ദ്രന്‍ ചട്ടഞ്ചാല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ എത്തി തുക കൈമാറി.
ഈ വിവരം ശനിയാഴ്ച രാവിലെയാണ് ബെണ്ടിച്ചാല്‍ സ്‌കൂളിനു സമീപത്തെ അബ്ദുല്‍ റഹ്‌മാന്‍ അറിഞ്ഞത്. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പ് ഉടമയായ രാമചന്ദ്രനെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി പണം ഉടമയ്ക്കു കൈമാറി.
