കോട്ടയം: ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കൊക്കയില്‍ തള്ളിയ ഭര്‍ത്താവ് അറസ്റ്റില്‍. കാണക്കാരി രത്‌നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേല്‍ വീട്ടില്‍ ജെസി സാം(50) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാം കെ.ജോര്‍ജ്(59) ആണ് മൈസൂരുവില്‍ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഇറാന്‍ സ്വദേശിനിയായ യുവതിയും പൊലീസിന്റെ കസ്റ്റഡിയിലാണ്. പല സ്ത്രീകളുമായി സാമിനുള്ള ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപാതകത്തിനു കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ഐടി പ്രഫഷനലായ സാം എംജി യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ കോഴ്‌സും പഠിക്കുന്നുണ്ട്. അവിടെ സഹപാഠിയാണ് ഇറാനിയന്‍ യുവതി. യുവതിക്കൊപ്പം പലതവണ വീട്ടിൽ താമസിച്ചതായി പറയുന്നു. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുനില വീടിന്റെ മുകളിലും താഴെയുമായാണ് 15 വര്‍ഷമായി സാമും ജെസിയും താമസിച്ചിരുന്നത്. 26ന് രാത്രി കാണക്കാരിയിലെ വീടിന്റെ സിറ്റൗട്ടില്‍ വച്ച് തര്‍ക്കമുണ്ടാകുകയും കയ്യില്‍ കരുതിയിരുന്ന മുളക് സ്‌പ്രേ ജെസിക്കു നേരെ സാം പ്രയോഗിക്കുകയുമായിരുന്നു. പിന്നീട് കിടപ്പുമുറിയില്‍ വച്ച് മൂക്കും വായും തോര്‍ത്ത് ഉപയോഗിച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്നു എന്നാണു കേസ്. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി രാത്രി ഒരു മണിയോടെ ചെപ്പുകുളത്തെത്തി കൊക്കയിലെറിഞ്ഞു. തുടര്‍ന്ന് സാം മൈസൂരുവിലേക്കു കടന്നു കളയുകയായിരുന്നു.ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് 50 അടി താഴ്ചയില്‍നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് 10 ദിവസം മുന്‍പ് ഇയാള്‍ ചെപ്പുകുളത്തെത്തി സാഹചര്യങ്ങള്‍ മനസ്സിലാക്കിയതായി പൊലീസ് പറയുന്നു. ഉഴവൂര്‍ അരീക്കരയില്‍ ഇയാള്‍ക്ക് 4.5 ഏക്കര്‍ ഭൂമിയും ഗോവയിലും കോവളത്തും ഫ്‌ലാറ്റുകളുമുണ്ട്. സ്വത്ത് സംബന്ധിച്ച് ഭാര്യയുമായുള്ള കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ കേസുകളുടെ വിധി ജെസിക്ക് അനുകൂലമായേക്കാം എന്ന തോന്നലും കൊലപാതകത്തിനു കാരണമായതായി പൊലീസ് പറഞ്ഞു. മാതാവിനെ കാണാനില്ലെന്ന മക്കളുടെ പരാതിയില്‍ കുറവിലങ്ങാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജെസ്സിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
