മുംബൈ: യന്ത്രങ്ങള്‍ക്കു സ്ത്രീപുരുഷ വ്യത്യാസമുണ്ടോ? അതു ചില മനസ്സുകള്‍ക്കേ ഉള്ളൂവെന്നും അതിനെ മനസാന്നിധ്യം കൊണ്ട് മറികടക്കാമെന്നും 1989ല്‍ രാജ്യത്ത് ആദ്യമായി വനിതാ ട്രെയിന്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ച സുരേഖ യാദവ് അനുസ്മരിക്കുന്നു. 1965ല്‍ മഹാരാഷ്ട്രയിലെ ഗ്രാമ പ്രദേശത്തു ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് സുരേഖ ജനിച്ചത്. കുട്ടിക്കാലം മുതല്‍ കഠിനമായി പണിയെടുക്കേണ്ട സാഹചര്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. കര്‍ഷകരായ മാതാപിതാക്കളെ പഠനകാലത്തു തന്നെ അവര്‍ സഹായിച്ചു. സാധാരണ കര്‍ഷക കുടുംബാംഗമായിരുന്നെങ്കിലും മക്കള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചു. അഞ്ചു മക്കളില്‍ മൂത്തതു സുരേഖ ആയിരുന്നതു കൊണ്ടു മാതാപിതാക്കളെ സഹായിക്കാന്‍ അവര്‍ മുന്നില്‍ നിന്നു. എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ അസിസ്റ്റന്റ് ട്രെയിന്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നതിനുള്ള റെയില്‍വെയുടെ അറിയിപ്പ് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. അക്കാലത്തു ട്രെയിനു വനിതാ ഡ്രൈവര്‍മാരില്ലെന്ന കാര്യം അവര്‍ അറിഞ്ഞിരുന്നില്ല. തൊഴിലും അതില്‍ നിന്നുള്ള വരുമാനവും മാത്രമായിരുന്നു സുരേഖയുടെ ലക്ഷ്യം.
മാത്രമല്ല, സര്‍ക്കാര്‍ ജോലി നല്‍കുന്ന സുരക്ഷിതത്വത്തെക്കുറിച്ചും അവര്‍ ബോധവതിയായിരുന്നു. ഒരു ഒഴിവിലേക്കായിരുന്നു അറിയിപ്പ്. അതിന് 2000ലധികം പേര്‍ അപേക്ഷിച്ചിരുന്നു. നിയമന പ്രകൃയ പൂര്‍ത്തിയായപ്പോള്‍ അതില്‍ സുരേഖക്കു നിയമനം ലഭിച്ചു. ആ നിമിഷം ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നു. 1989ല്‍ ഗൂഡ്‌സ് ട്രെയിനിലായിരുന്നു ആദ്യമായി ജോലി ലഭിച്ചത്. പരിശീനത്തിനെത്തിയപ്പോള്‍ സ്ത്രീകളാരും ഈ ജോലിയിലില്ലെന്നറിഞ്ഞു. അതവരെ അമ്പരപ്പിച്ചു. എന്നാല്‍ കിട്ടിയ ജോലി എന്തു വന്നാലും തുടരണമെന്നു മനസ്സ് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ട്രെയിന്‍ ഡ്രൈവറാകാന്‍ പറഞ്ഞു തരുന്ന പുസ്തകങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. എല്ലാം ധൈര്യത്തെയും മനസാന്നിധ്യത്തെയും മുറുകെപ്പിടിച്ചു കൊണ്ടു ചെയ്തു പഠിച്ചു. റൂട്ടുകളും വേഗതയുമുള്‍പ്പെടെ ട്രെയിന്‍ ഓടിക്കുന്നതിന്റെ വിവിധ വശങ്ങള്‍ നിരീക്ഷിക്കുന്നതിനു ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ പല നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല, വേഗത്തില്‍ തീരുമാനമെടുക്കുക എന്ന അതിസാഹസിക കഴിവും ഇതിന് അനിവാര്യമാണ്. പ്രതിസന്ധികളെ ഒഴിവാക്കുന്നതിന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ നല്‍കുന്ന മുന്‍ സൂചനകള്‍ ശ്രദ്ധിക്കണം. അതില്‍ അപ്പോള്‍ തന്നെ വ്യാഖ്യാനം കണ്ടെത്തണം. പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണണം. ഒരു നിമിഷം പാഴാക്കാതെ അതേ സമയം അതിനനുസരിച്ച് പ്രവര്‍ത്തിക്കണം. അതു ജീവിതമാണോ മറിച്ച് അതൊരു കലയാണോ എന്നൊന്നും ചിന്തിക്കാന്‍ സമയം കിട്ടിയിട്ടില്ല. എന്നാല്‍ അങ്ങനെയായിത്തീര്‍ന്നു. തൊഴിലിലും കടമയിലുമുള്ള സമര്‍പ്പണം. ഈ സമര്‍പ്പണം ഏതു തൊഴിലും ആര്‍ക്കും പര്യാപ്തമാക്കാനുള്ള ആദ്യ സമര്‍പ്പണമാണെന്നു അവര്‍ പറയുന്നു.

1996ല്‍ ലോക്കോമോട്ടീവ് പൈലറ്റായി. ട്രെയിന്‍ കണ്‍ട്രോള്‍ റൂമിന്റെ പ്രധാന ഓപ്പറേറ്റര്‍. ട്രെയിന്റെ നാഡീകേന്ദ്രത്തിന്റെ കാവല്‍ക്കാരി. മഴയായാലും വെയിലായാലും ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യം. നിശ്ചയമില്ലാത്ത ഭക്ഷണ സമയം. വെള്ളപ്പൊക്കമുള്ള ട്രാക്കുകളിലൂടെയും പര്‍വ്വതപാതകളിലൂടെയും ഉള്ള ട്രെയിനോടിക്കല്‍. ഗര്‍ഭിണിയായിരിക്കുമ്പോഴുള്ള ജോലി. ട്രെയിന്‍ ഓടിക്കുന്നയാള്‍ സിഗ്നല്‍, ട്രാക്ക്, ഓവര്‍ഹെഡ് ഉപകരണങ്ങള്‍ സദാ നിരീക്ഷിക്കണം. ഒപ്പം ജോലി ചെയ്യുന്നയാളെ ശ്രദ്ധിക്കണം. അതിവേഗം ശ്രദ്ധ കേന്ദ്രീകരിക്കണം. എല്ലാം ഒരേ സമയം. ഒരു ട്രെയിന്‍ ഡ്രൈവറുടെ മനസ്സ് ഒരു മൈക്രോ സെക്കന്റ് പോലും ഇതില്‍ നിന്നു മാറിക്കൂടാ. ഇത് എത്ര ട്രെയിന്‍ യാത്രക്കാര്‍ ഓര്‍ക്കുന്നുവെന്നതല്ല പ്രശ്‌നം. അവര്‍ക്കു വേണ്ടി ഓര്‍ക്കാനും അതനുസരിച്ചു അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും ട്രെയിന്‍ ഡ്രൈവര്‍ ഉണ്ടെന്ന് അറിയാന്‍ ആ ജോലി ചെയ്യുന്ന ആള്‍ ഉണ്ട്-സുരേഖ യാദവ് തൊഴിലിലുള്ള സമര്‍പ്പണ ബോധം വീണ്ടും എടുത്തു പറയുന്നു. ഏതു തൊഴിലിന്റെയും മൂലധനം ഇതാണെന്നു തൊഴിലാളികളും തൊഴില്‍ കാംക്ഷികളും അറിയുന്നത് തൊഴില്‍ മേഖലയുടെ ഉണര്‍വ്വിനും ഉന്മേഷത്തിനും കുതിച്ചു ചാട്ടത്തിനുമുള്ള ഇന്ധനമാണെന്നു അവര്‍ അനുഭവങ്ങളുടെ കരുത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. 36 വര്‍ഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ ദിവസം അവര്‍ ജോലിയില്‍ നിന്ന് വിരമിച്ചു.