കാസര്‍കോട്:സി പി എം ലോക്കല്‍ കമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുമ്പള വില്ലേജ് സെക്രട്ടറിയും ഡിവൈ എഫ് ഐ മേഖലാ പ്രസിഡണ്ടുമായ കാസര്‍കോട് ബാറിലെ യുവ അഭിഭാഷക സി രഞ്ജിതകുമാരിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. സംഭവത്തിനു പിന്നിലെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സി പി എം അടക്കമുള്ള സംഘടനകള്‍ രംഗത്തു വന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ബേരിക്ക കടപ്പുറത്തെ കൃതേഷിന്റെ ഭാര്യയായ രഞ്ജിതയെ ചൊവ്വാഴ്ചയാണ് കുമ്പളയിലുള്ള വക്കീല്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ പലതവണ ഫോണ്‍ ചെയ്തിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയപ്പോള്‍ അകത്തു നിന്നു കുറ്റിയിട്ട നിലയിലായിരുന്നു ഓഫീസ്. വിവരമറിഞ്ഞ് പൊലീസെത്തി വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കടന്നപ്പോഴാണ് രഞ്ജിതയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
മുറിയില്‍ നിന്നു ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ‘മരിക്കുന്നു’ എന്നാണ് കുറിപ്പില്‍ ഉണ്ടായിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി രഞ്ജിതയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ രഞ്ജിത മരിക്കുന്നതിനു തൊട്ടു മുമ്പ് വീഡിയോ കോള്‍ വിളിച്ചതായി വ്യക്തമായിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദമായ പരിശോധനയ്ക്കായി മൊബൈല്‍ ഫോണ്‍ തിരുവനന്തപുരത്തുള്ള കേന്ദ്ര ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചതായാണ് സൂചന. ഫോണിലെ വിശദമായ വിവരങ്ങള്‍ ലഭിക്കുന്നതോടെ രഞ്ജിതയുടെ മരണത്തിനു ഇടയാക്കിയ കാരണങ്ങള്‍ എന്തൊക്കെയാണെന്നു പുറത്തു വരുമെന്ന കണക്കു കൂട്ടലിലാണ് അന്വേഷണ സംഘം. അതേസമയം രഞ്ജിതയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ഒരു അഭിഭാഷകന്‍ നാട്ടില്‍ നിന്നു മുങ്ങിയതായി പൊലീസിനു വിവരം ലഭിച്ചു. രഞ്ജിതയുടെ മരണശേഷം പ്രസ്തുത അഭിഭാഷകന്‍ ട്രെയിന്‍ കയറി പോയതായും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. അടുത്ത ബന്ധം ഉണ്ടായിട്ടും രഞ്ജിതയുടെ മൃതദേഹം കാണാന്‍ പോലും പ്രസ്തുത അഭിഭാഷകന്‍ എന്തുകൊണ്ടാണ് എത്താതിരുന്നതെന്നതും സംശയങ്ങള്‍ക്കു ഇടയാക്കുന്നുണ്ട്. രഞ്ജിതയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി സി പി എം ലോക്കല്‍ കമ്മറ്റിയും രംഗത്തു വന്നിട്ടുണ്ട്.
