മംഗ്ളൂരു: ആണ്‍സുഹൃത്തിനെ കാണാന്‍ വീട്ടില്‍ നിന്നു പോകാന്‍ ശ്രമിച്ച 17കാരിയെ മാതാവ് അതിക്രൂരമായി ശ്വാസം മുട്ടിച്ചു കൊന്നു. കാര്‍ക്കള, ഇര്‍വാനയിലെ ശിവനാജ (17)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാതാവ് ഗുല്‍സാര്‍ ബാനു (45)വിനെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ‘ഉഡുപ്പി സ്വദേശിയായ ഒരാളുമായി ശിവനാജ അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ മാതാവ് പ്രസ്തുത ബന്ധത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും മകള്‍ അതിനു തയ്യാറായില്ല. സെപ്തംബര്‍ 20ന് രാവിലെ താന്‍ സുഹൃത്തിനെ കാണാന്‍ പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ച മകളെ മാതാവ് തടഞ്ഞു. ഇതിന്റെ പേരില്‍ ഇരുവരും വാക്കേറ്റത്തിലേര്‍പ്പെട്ടു. കയ്യാങ്കളിയുണ്ടായതോടെ മാതാവ് ഗുല്‍സാര്‍ ബാനു മകളുടെ കഴുത്തു ഞെരുക്കുകയും നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വായില്‍ തുണി തിരുകുകയും ചെയ്തു. മരണം സംഭവിച്ചതോടെ മകള്‍ ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ് ഗുല്‍സാര്‍ ബാനു നിലവിളിച്ചു. അയല്‍ക്കാരെത്തി ശിവനാജയെ ആശുപത്രിയില്‍ എത്തിച്ചു. തൂങ്ങിയതാണെന്നായിരുന്നു മാതാവ് അയല്‍ക്കാരോടും ആശുപത്രി അധികൃതരോടും പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിലാണ് ക്രൂരമായ കൊലപാതകമാണെന്നു വ്യക്തമായതും മാതാവിനെ അറസ്റ്റു ചെയ്തതും.’ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
