ഭോപ്പാൽ: വിജയ ദശമി ദിനത്തിൽ ദുർഗ ദേവി വിഗ്രഹങ്ങൾ നിമജ്ജനത്തിന് കൊണ്ടുപോവുകയായിരുന്ന ട്രാക്ടർ ട്രോളി തടാകത്തിൽ മറിഞ്ഞു കുട്ടികൾ ഉൾപ്പെടെ 10 പേർ മരിച്ചു. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30 പേരാണു ട്രാക്ടറിൽ ഉണ്ടായിരുന്നത്. ഇവരിൽ ആറു പേർ രക്ഷപെട്ടു. പോലീസും മുങ്ങൽ വിദഗ്ധരും തിരച്ചിൽ തുടരുകയാണ്. മധ്യ പ്രദേശിലെ ഖണ്ഡ്വ ജില്ലയിലെ പൻഡാനയിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യ മന്ത്രി മോഹൻ യാദവ് നാലു ലക്ഷം രൂപ വീതം അടിയന്തര സഹായം അനുവദിച്ചു. നവരാത്രി മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചു വിവിധ ക്ഷേത്രങ്ങളിൽ നിന്നു ഉത്സവത്തിനു പ്രതിഷ്ഠിച്ച നവദുർഗ വിഗ്രഹങ്ങൾ നിമജ്ജനത്തിന് കൊണ്ടുപോകുന്നതിനിടയിലാണ് അപകടം. വിഗ്രഹങ്ങൾ ട്രോളിയിൽ കയറിയ ഭക്തന്മാരാണ് അപകടത്തിൽപ്പെട്ടത്.
