ന്യൂഡൽഹി: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷ മരുന്ന് നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. രാജസ്ഥാനിലും മധ്യപ്രദേശിലും ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന മധ്യപ്രദേശിലും പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദേശം പുറത്തിറക്കിയത്. രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയ്ക്ക് മരുന്ന് നൽകരുതെന്നും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ മരുന്നു കഴിക്കാവൂ എന്നും നിർദ്ദേശത്തിൽ പറയുന്നു. മരുന്ന് ഇതര രീതികൾ ആയിരിക്കണം രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക. മരുന്ന് നിർദ്ദേശിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങൾ അടക്കം ജാഗ്രത പാലിക്കണം. ഈ മാർഗനിർദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ മുന്നറിയിപ്പിൽ പറയുന്നു. രണ്ടു സംസ്ഥാനങ്ങളിൽ കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് ചുമ മരുന്നിന് തമിഴ്നാട് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. കോള്‍ഡ്രിഫ് എന്ന പേരിലുള്ള മരുന്നാണ് നിരോധിച്ചതെന്ന് തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗംഅറിയിച്ചു. രണ്ട് സംസ്ഥാനങ്ങളിലേയും കുട്ടികള്‍ കോള്‍ഡ്രിഫ് കഴിച്ചിരുന്നുവെന്നും അതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം സമയം, മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ച സംഭവത്തിൽ പരിശോധിച്ച കഫ് സിറപ്പുകളിൽ പ്രശ്നങ്ങളില്ലെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. വൃക്ക തകരാറിന് കാരണമാകുന്ന രാസപദാർത്ഥങ്ങൾ മരുന്നിൽ കണ്ടെത്താനായില്ല.
