തൃശൂര്‍: കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍ ചെയര്‍മാനും സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗവുമായ കെ എന്‍ കുട്ടമണി കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടിയിലായി. കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അറസ്റ്റിലായ കുട്ടമണി.
വടക്കന്‍ കേരളത്തിലെ കൃഷി ഭവനുകള്‍ക്കു ചെടിച്ചട്ടി വിതരണം ചെയ്യാനുള്ള കരാര്‍ ജുലൈ 10ന് കോര്‍പറേഷന്‍, തൃശൂര്‍ പാലിയേക്കരയില്‍ പ്രവര്‍ത്തിക്കുന്ന കളിമണ്‍പാത്ര നിര്‍മ്മാണ വ്യവസായ യൂണിറ്റിനു നല്‍കിയിരുന്നു. 5372 ചെടിച്ചട്ടികള്‍ വിതരണം ചെയ്യാനായിരുന്നു കരാര്‍. 95 രൂപയാണ് ഒരു ചെടിച്ചട്ടിക്കു വില നിശ്ചയിച്ചിരുന്നത്. ജുലൈ 10നു കരാര്‍ ലഭിച്ചെങ്കിലും ബില്‍ത്തുക സ്ഥാപനത്തിനു ലഭിച്ചിരുന്നില്ല. സെപ്തംബര്‍ 21-നാണ് കോര്‍പറേഷന്‍ ചെയര്‍മാനായി കുട്ടമണി ചുമതലയേറ്റത്. തൃശൂരിലെ കളിമണ്‍പാത്ര വ്യവസായ യൂണിറ്റ് കരാര്‍ തുക കിട്ടാത്ത കാര്യം ചെയര്‍മാന്‍ കൂട്ടമണിയെ കണ്ടു ബോധിപ്പിച്ചു. പണം ഉടന്‍ നല്‍കാമെന്നും അതിന് ഒരു ചെടിച്ചട്ടിക്കു മൂന്നു രൂപ വീതം തനിക്കു കമ്മീഷന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. സി ഐ ടി യു നേതാവായ ചെയര്‍മാന്റെ നിബന്ധന അറിഞ്ഞു അന്തംവിട്ട പരാതിക്കാര്‍ വിവരം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നിര്‍ദ്ദേശമനുസരിച്ചു തൃശൂരിലെ കോഫി ഹൗസിലെത്തിയ അവര്‍ മുന്‍ വ്യവസ്ഥയനുസരിച്ച് അവിടെ കാത്തിരുന്ന ചെയര്‍മാന്‍ കുട്ടമണിക്കു 10,000 രൂപ കൈമാറുന്നതിനിടയില്‍ വിജിലന്‍സ് ചാടി വീണു. കൈക്കൂലിയുമായി കോര്‍പറേഷന്‍ ചെയര്‍മാനായ സി ഐ ടി യു നേതാവിനെ അറസ്റ്റു ചെയ്തു.
കേസില്‍ കുടുങ്ങിയ കൂട്ടമണിയെ സി ഐ ടി യു നേതൃസ്ഥാനത്തു നിന്നു നീക്കിയെന്നു സംസ്ഥാന ജന. സെക്രട്ടറി എളമരം കരീം വെളിപ്പെടുത്തി.
