മംഗളൂരു: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ഓട്ടോയിടിച്ച് 44 കാരന് ദാരുണാന്ത്യം.
ബണ്ട് വാള്‍ സജിപ മൂഡ സുഭാഷ് നഗറില്‍ താമസിക്കുന്ന ലോകേഷ് മൂല്യ (44) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ബണ്ട് വാള്‍ കല്ലഡ്കയിലെ ആംതൂര്‍ ക്രോസ് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.
കല്ലഡ്കയിലെ നയാര പെട്രോള്‍ പമ്പിന് മുന്നില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന ഓട്ടോ ലോകേഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശേഷം ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ലോകേഷിനെ മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മരിച്ചെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സുഭാഷ് നഗറിലെ ശ്രീ ശാരദ പൂജ മഹോത്സവ കമ്മിറ്റിയിലെ സജീവ അംഗമായിരുന്നു ലോകേഷ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
