കാസര്‍കോട്: 21 കാരിയുടെ വസ്ത്രം വലിച്ചു കീറുകയും പീഡനത്തിനു ശ്രമിക്കുകയും ചെറുത്തു നില്‍ക്കുന്നതിനിടയില്‍ തോളില്‍ കടിക്കുകയും കല്ലു കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ യുവതിയുടെ മാതാവിന്റെ രണ്ടാം ഭര്‍ത്താവായ അബൂബക്കര്‍ എന്നയാള്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ഈ വിവരമറിഞ്ഞ് പ്രതി മുങ്ങി. കോഴിക്കോട് ജില്ലക്കാരിയും നെല്ലിക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ 21 കാരിയാണ് രണ്ടാനച്ഛന്റെ അതിക്രമത്തിനു ഇരയായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെ യുവതി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലാണ് കേസിനാസ്പദമായ സംഭവം. മാതാവിന്റെ രണ്ടാം ഭര്‍ത്താവായ അബൂബക്കര്‍ ലൈംഗിക ഉദ്ദേശത്തോടു കൂടി ക്വാര്‍ട്ടേഴ്‌സ് മുറ്റത്തേയ്ക്ക് തള്ളിയിട്ട് വസ്ത്രങ്ങള്‍ വലിച്ചു കീറുകയായിരുന്നുവെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
അതിക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ കല്ലു കൊണ്ട് യുവതിയുടെ മുഖത്തേയ്ക്ക് കുത്തുകയും തോളിനു താഴെ കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത് മാനഹാനി ഉണ്ടാക്കിയെന്നും കേസില്‍ പറയുന്നു. കേസെടുത്തതോടെ അബൂബക്കര്‍ നാട്ടില്‍ നിന്നു മുങ്ങിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
