പെര്‍ള: കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ 56 കോടി രൂപ കൂടി അനുവദിച്ചെന്നു മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.
കോളേജിന്റെ കെട്ടിട നിര്‍മ്മാണം നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗവ. മെഡിക്കല്‍ കോളേജിന്റെ എംബിബിഎസ് ആദ്യ ബാച്ചിന്റെ കോഴ്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കെട്ടിടം പണി പൂര്‍ത്തിയായാലുടനെ ഇപ്പോള്‍ ചെര്‍ക്കളയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഹോസ്റ്റല്‍ ഉക്കിനടുക്ക കാമ്പസിലേക്ക് മാറ്റും. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജും നഴ്‌സിംഗ് കോളേജുമുള്ള രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നു മന്ത്രി പറഞ്ഞു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എംഎല്‍എമാരായ സിഎച്ച് കുഞ്ഞമ്പു, എകെഎം അഷ്‌റഫ്, ആരോഗ്യ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.

ബിജെപി പ്രതിനിധിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധം
അതേ സമയം കാസര്‍കോട് ജില്ലയുടെ അഭിമാനമായ ഗവ. മെഡിക്കല്‍ കോളേജിന്റെ കോഴ്‌സ് ഉദ്ഘാടന ചടങ്ങില്‍ ബിജെപി ജനപ്രതിനിധിയെ ഒഴിവാക്കിയതില്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
നാടിന്റെ വികസനത്തില്‍ രാഷ്ട്രീയാതീത സമീപനം വേണമെന്നു പറയുന്നവര്‍ മെഡിക്കല്‍ കോളേജ് കോഴ്‌സ് ഉദ്ഘാടന ചടങ്ങില്‍ നിന്നു ബിജെപി ജില്ലാ പഞ്ചായത്തു മെമ്പര്‍ ശൈലജഭട്ടിനെ തഴഞ്ഞത് സിപിഎമ്മിന്റെ ജനവിരുദ്ധ നിലപാടിനു തെളിവായി ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.


