കാസര്‍കോട്: കാഞ്ഞങ്ങാട് സ്വദേശിയായ യുവ എഞ്ചിനീയറെ കാണാതായി. കാഞ്ഞങ്ങാട്, സൗത്ത് മാതോത്ത് ക്ഷേത്രത്തിനു സമീപത്തെ യു കെ ജയപ്രകാശിന്റെ മകന്‍ പ്രണവി (33)നെയാണ് വ്യാഴാഴ്ച സന്ധ്യയോടെ കാണാതായത്. പിതാവ് നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇതിനു പിന്നാലെയാണ് പ്രണവിന്റെ മൊബൈല്‍ ഫോണും ഒരു ചെറിയ കുറിപ്പും ചെരുപ്പും ബേക്കല്‍ കോട്ടയ്ക്ക് സമീപത്ത് കടപ്പുറത്ത് നാട്ടുകാരനായ ഒരാള്‍ കണ്ടത്. ഫോണിലേയ്ക്ക് വന്ന കോള്‍ എടുത്തപ്പോഴാണ് കാണാതായ പ്രണവിന്റെ ഫോണ്‍ ആണെന്നു വ്യക്തമായത്. ഉടന്‍ ബേക്കല്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഫോണും മറ്റും കസ്റ്റഡിയിലെടുത്തു.
‘എല്ലാവര്‍ക്കും സോറി’ എന്നാണ് കുറിപ്പില്‍ ഉള്ളതെന്നു പൊലീസ് പറഞ്ഞു. ബംഗ്‌ളൂരുവില്‍ ജോലി നോക്കുകയായിരുന്നു പ്രണവ്.
ഒരു യുവാവിനെ ബേക്കല്‍ കടലില്‍ കാണാതായതായി സംശയം ഉണ്ടെന്നും കോട്ട മുതല്‍ കാസര്‍കോട് ഭാഗങ്ങളിലും തെക്ക് പള്ളിക്കര, ചിത്താരി, അജാനൂര്‍, മീനാപ്പീസ്, നീലേശ്വരം ഭാഗങ്ങളില്‍ കടലിലും തീരത്തും ശ്രദ്ധ പുലര്‍ത്തണമെന്നും ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിച്ചാല്‍ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ഒഴുക്ക് നിലവില്‍ തെക്കു ഭാഗത്തേയ്ക്കാണെന്നും പൊലീസ് അറിയിപ്പില്‍ പറഞ്ഞു.
