അജ്മീര്‍: നവവധു ആചാരം പാലിക്കുവാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അനുസരിച്ച നവവരന് നഷ്ടമായത് ലക്ഷങ്ങളുടെ സ്വര്‍ണ്ണം. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ അജ്മീരിലാണ് സംഭവം. അജ്മീര്‍ സ്വദേശിയായ യുവാവും ആഗ്രാ സ്വദേശിനിയും തമ്മിലുള്ള വിവാഹം ബ്രോക്കര്‍ മുഖാന്തിരം ആഘോഷപൂര്‍വ്വമാണ് നടന്നത്. അന്നു രാത്രി തന്നെ വധൂവരന്മാരും ബന്ധുക്കളും വരന്റെ വീട്ടിലെത്തി. ബന്ധുക്കളെല്ലാം സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയ ശേഷം വരന്‍ മണിയറയിലേയ്ക്ക് കടന്നു. തൊട്ടു പിന്നാലെ പാലും പഴവുമായി വധുവും മണിയറയിലെത്തി. ഇരുവരും പങ്കിട്ടു. അതിനുശേഷം വരന്‍ വധുവിനോട് ചേര്‍ന്ന് ഇരുന്ന് ആലിംഗനത്തിനു ശ്രമിച്ചു.
അകന്നു മാറിയ വധു ഇതു ശരിയല്ലെന്നും വിവാഹം കഴിഞ്ഞ് മൂന്നു ദിവസം കഴിഞ്ഞശേഷമേ ഇങ്ങനെയൊക്കെ പാടുള്ളൂവെന്നും വരനോട് പറഞ്ഞു. മാത്രമല്ല, ആദ്യ രാത്രിയില്‍ ഭര്‍ത്താവ് മണിയറയ്ക്കു പുറത്തു കിടക്കണമെന്നാണ് നാട്ടിലെ ആചാരമെന്നും അതു തെറ്റിച്ചാല്‍ ദാമ്പത്യത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അറിയിച്ചു. ഇതു വിശ്വസിച്ച് മണിയറ വിട്ടിറങ്ങിയ വരന്‍ മറ്റൊരു മുറിയില്‍ കിടന്നു. തലേനാള്‍ മുഴുവന്‍ ആഘോഷമായിരുന്നതിനാല്‍ കിടന്ന ഉടനെ ഉറങ്ങിപ്പോയി. രാവിലെയാണ് ഉണര്‍ന്നത്. എഴുന്നേറ്റ ഉടന്‍ മണിയറയിലേയ്ക്ക് പോയപ്പോള്‍ ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. വധു വിവാഹത്തിനു അണിഞ്ഞതും നേരത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും കാണാനില്ല. വധുവിനെ വീടു മുഴുവന്‍ തെരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. ഇതോടെ വധു തന്നെ കബളിപ്പിച്ച് സ്വര്‍ണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞുവെന്നു മനസ്സിലാക്കിയ വരന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
