ഭോപ്പാല്‍: മാതാപിതാക്കള്‍ കാട്ടില്‍ ഉപേക്ഷിച്ച മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാതശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു രാത്രി മുഴുവന്‍ തണുപ്പും പ്രാണികളുടെ കടിയുമേറ്റ് കാട്ടില്‍ കഴിഞ്ഞിട്ടും ജീവന്‍ തിരിച്ചുപിടിച്ച കുഞ്ഞിന്റെ അതിജീവനം ഏവരെയും ഞെട്ടിച്ചു. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കുട്ടിയെ ഉപേക്ഷിച്ച സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകരായ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഗ്രാമീണര്‍ ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രക്തം പുരണ്ട് വിറയ്ക്കുന്ന നിലയിലായിരുന്ന കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രതികൂല സാഹചര്യങ്ങളെ എല്ലാം അതിജീവിച്ചാണ് ഈ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. നന്ദന്‍വാഡി ഗ്രാമത്തില്‍ റോഡ് ഘട്ടിനടുത്തെ വനത്തിലാണ് സംഭവം. അതുവഴി കടന്നുപോയ ഒരാളാണ് പാറകള്‍ക്കടുത്ത് നവജാതശിശു കിടക്കുന്നതുകണ്ട് പൊലീസിനെ അറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം കുഞ്ഞിനെ രക്ഷപ്പെടുത്തി പ്രാദേശിക ആരോഗ്യ കേന്ദ്രത്തില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം കൂടുതല്‍ പരിചരണത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രൈമറി സ്‌കൂള്‍ അധ്യാപകരായ ബാബ്ലു ദണ്ഡോളിയയും രാജ്കുമാരി ദണ്ഡോളിയയുമാണ് അറസ്റ്റിലായത്. 2009 മുതല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ മൂന്നാം ക്ലാസിലെ അധ്യാപകരായി ജോലി ചെയ്യുന്ന ഇവര്‍ക്ക് 8, 6, 4 വയസുള്ള മൂന്ന് കുട്ടികള്‍ വേറെയുമുണ്ട്.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമെന്ന നിയമം ഭയന്നാണ് ഇവര്‍ ഗര്‍ഭവിവരം മറച്ചുവെച്ചതും കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതും. ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയോ പിരിച്ചുവിടുകയോ ചെയ്യപ്പെടുമെന്ന് ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ സമ്മതിച്ചു.
