കാസര്‍കോട്: കുമ്പള ദേശീയപാതയില്‍ കാറിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട്, വില്ലുപുരം, ആറ്റൂര്‍, ഈസ്റ്റ് സ്ട്രീറ്റിലെ മാര്‍ക്കണ്ടന്റെ മകന്‍ വേലായുധന്‍ (66) ആണ് മരിച്ചത്. കാഞ്ഞങ്ങാട്ട് താമസിച്ച് മീന്‍ പിടുത്ത തൊഴില്‍ നടത്തി വരികയായിരുന്നു. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ബുധനാഴ്ച രാവിലെ 7.45 മണിയോടെ ഉണ്ടായ അപകടത്തിലാണ് വേലായുധന്‍ കൊല്ലപ്പെട്ടത്. ദേശീയപാതയിലൂടെ മംഗ്‌ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സര്‍വ്വീസ് റോഡിലേക്ക് തെറിച്ചുവീണ വേലായുധനെ ഉടന്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
