ബെംഗളൂരു: നഴ്സിങ് ജോലി ഉപേക്ഷിക്കാത്തതിനെ ചൊല്ലിയുള്ള കുടുംബ തർക്കത്തിനൊടുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. തമിഴ്‌നാട് സ്വദേശികളായ രമേശും മഞ്ജുവും ആണ് മരിച്ചത്. നഴ്സിങ് ജോലി ഉപേക്ഷിക്കാൻ മഞ്ജു തയ്യാറാകാത്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമായതെന്നു പൊലീസ് പറഞ്ഞു. രണ്ടു വർഷം മുൻപ് രമേശ് ജോലിക്കായി ദുബായിലേക്ക് പോയതിനു പിന്നാലെ മഞ്ജു തൻ്റെ പിതാവിനൊപ്പം ബെംഗളൂരുവിൽ പോയിരുന്നു. ഭർത്താവിനോട് പറയാതെ നഴ്സായി ജോലിയിൽ പ്രവേശിച്ചു. ഒരു മാസം മുൻപ് രമേശ് നാട്ടിൽ തിരിച്ചെത്തി. ജോലി ഉപേക്ഷിച്ചു തനിക്കൊപ്പം തമിഴ്‌നാട്ടിൽ താമസിക്കാൻ രമേശ് മഞ്ജുവിനെ നിർബന്ധിച്ചെങ്കിലും കുറച്ചു ദിവസത്തെ താമസത്തിനു ശേഷം മഞ്ജു ബെംഗളൂരുവിലേക്ക് മടങ്ങി. പിന്നാലെ, ജോലി നോക്കാനെന്ന വ്യാജേന ബെംഗളൂരുവിലെത്തിയ രമേശ്, മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവർ താമസിക്കുന്ന ഫ്ലാറ്റിന്റെ വാതിൽ അടഞ്ഞുകിടക്കുന്നത് കണ്ട് സംശയം തോന്നിയ മഞ്ജുവിൻ്റെ പിതാവ് വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. കഴുത്തറുത്തെടുത്ത നിലയിൽ മഞ്ജുവിൻ്റെ മൃതദേഹവും സമീപത്ത് രമേശിൻ്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
