മംഗളൂരു: ദൈവങ്ങള്‍ക്കൊപ്പം മഹാത്മ ഗാന്ധിയെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് കര്‍ണാടകയില്‍. മംഗളൂരു നാഗോറിയിലെ കങ്കണാടി ശ്രീ ബ്രഹ്‌മ ബൈദര്‍കല ഗരോഡി ക്ഷേത്രത്തിലാണ് നിത്യപൂജയുമായി രാഷ്ട്രപിതാവിനെ ആരാധിക്കുന്നത്. രാഷ്ട്ര പുരോഗതിക്കായുള്ള മഹാത്മജിയുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം പ്രസക്തമായിരുന്നെന്ന് ഇവിടെ തെളിയിക്കപ്പെടുന്നു. നിരവധി ഭക്തരാണ് ഇവിടെ പ്രാര്‍ഥനക്കായി എത്തുന്നത്. മഹാ ഗണപതിയും ബാലപരമേശ്വരിയും സുബ്രഹ്‌മണ്യനും അടക്കം 12 ദേവീ ദേവ പ്രതിഷ്ഠകള്‍ ഈ ക്ഷേത്രത്തില്‍ ഉണ്ട്. മഹാത്മാഗാന്ധിയെ കൂടാതെ സാമൂഹിക പരിഷ്‌കര്‍ത്താവ് നാരായണ ഗുരുവിനെയും ഇവിടെ ആരാധിക്കുന്നു. ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ക്ഷേത്രത്തിലേക്ക് പ്രവേശിക്കാം എന്നതാണ് ശ്രദ്ധേയമായ കാര്യം. ദിവസവും മൂന്ന് തവണയാണ് പൂജ നടക്കുന്നത്. രാവിലെ 6 മണിക്കും ഉച്ചയ്ക്ക് 12 മണിക്കും, വൈകിട്ട് 7.30 നും. പ്രതിമയ്ക്ക് സമീപം ദിവസവും ഒരു വിളക്ക് കത്തിക്കും. പഴവും പൂക്കളും പ്രസാദമായി അര്‍പ്പിക്കും. ഗാന്ധിജയന്തി ദിനത്തില്‍ വലിയ ആഘോഷം തന്നെ ഇവിടെ നടക്കാറുണ്ട്. വൈകുന്നേരം 7.30ന് പ്രത്യേക പൂജ അര്‍പ്പിക്കുന്നു. ഗാന്ധി പ്രതിമയില്‍ കാപ്പിയും മിക്സഡ് പഴങ്ങളും മധുരപലഹാരങ്ങളും നല്‍കും. പിന്നീട്, അതേ കാപ്പി ഭക്തര്‍ക്ക് തീര്‍ത്ഥമായി നല്‍കും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തില്‍ ഒരു കളിമണ്‍ ഗാന്ധി പ്രതിമ പ്രതിഷ്ഠിച്ചതായി പറയപ്പെടുന്നു. അന്നത്തെ ക്ഷേത്രം നടത്തിപ്പുകാരായ നരസപ്പ സാലിയനും സോമപ്പ പണ്ഡിറ്റും കടുത്ത ഗാന്ധി അനുയായികളായിരുന്നു. പിന്നീട് 1998 ഡിസംബറിലാണ് മാര്‍ബിള്‍ പ്രതിമ സ്ഥാപിച്ചത്.
മംഗളൂുരു നഗരഹൃദയഭാഗത്തുനിന്ന് 4 കിലോമീറ്റര്‍ അകലെ മംഗളൂരു-ബംഗളൂരു ഹൈവേയോട് ചേര്‍ന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തുളുവ സമുദായത്തിന് ഏറെ പ്രാധാന്യമുള്ളതാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന് ഏകദേശം 150 വര്‍ഷത്തെ ചരിത്രമുണ്ട്.

പരമാർത്ഥത്തെ പ്രേമിക്കുന്ന പച്ചയായ മനുഷ്യർ