ന്യൂഡൽഹി: ഇന്ന് ഗാന്ധിജയന്തി. മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം. സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി ഓരോ ഭാരതീയന്‍റെയും മനസുകളിൽ ഇന്നും ജീവിക്കുന്നു.അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. ദണ്ഡി യാത്ര, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, നിസഹകരണ പ്രസ്ഥാനം തുടങ്ങിയവയുടെ അമരത്ത് ഗാന്ധി ഉണ്ടായിരുന്നു. ഗാന്ധിയുടെ സമര മാർഗങ്ങൾ എല്ലാം ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലെ സംഭാവനകളായിരുന്നു. ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്. “എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം” എന്ന് വിശ്വസിച്ച ആ മഹാത്മാവിൻ്റെ ആദർശങ്ങളെയും മൂല്യങ്ങളെയും ഓർമ്മിക്കാനും അവ നമ്മുടെ നിത്യജീവിതത്തിൽ പകർത്താനും ഈ ദിനം ഓരോ ഭാരതീയനെയും ഓർമ്മിപ്പിക്കുന്നു. 1869 ഒക്‌ടോബർ 2ന് ഗുജറാത്തിലെ പോർബന്തറിൽ കരംചന്ദ് ഗാന്ധിയുടെയും പുത്‌ലി ബായിയുടെയും മകനായാണ് ഗാന്ധിജി ജനിച്ചത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്തെത്തി ഇന്ന് പുഷ്പാര്‍ച്ചന നടത്തും. സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗമായും വിപുലമായ ആഘോഷങ്ങള്‍ നടക്കും.
