കാസര്‍കോട്: യുവ അഭിഭാഷകയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുമ്പള ഏരിയാകമ്മറ്റി അംഗവും വില്ലേജ് സെക്രട്ടറിയുമായ ബത്തേരിയിലെ സി രഞ്ജിതകുമാരി (30) സ്വന്തം ഓഫീസ് മുറിയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി രഞ്ജിതയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ പരിശോധനയില്‍ ആത്മഹത്യയിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന എന്തെങ്കിലും സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ചൊവ്വാഴ്ച രാത്രിയോടെയാണ് രഞ്ജിതയെ കുമ്പളയിലുള്ള വക്കീല്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരന്തരം ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഓഫീസില്‍ എത്തുകയായിരുന്നു. അകത്ത് നിന്നു കുറ്റിയിട്ട നിലയിലായിരുന്നു വാതില്‍. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കടന്നത്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇന്നുച്ചയ്ക്ക് 12.30ന് കുമ്പള ടൗണില്‍ പൊതു ദര്‍ശനത്തിനു ശേഷം മുട്ടം, ബേരിക്കെയിലെ ഭര്‍തൃവീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
