കാസര്‍കോട്: വീട്ടില്‍ നിന്നു കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മരണപ്പെട്ട ആളുടെ മൊബൈല്‍ ഫോണിലേയ്ക്ക് ഏറ്റവും ഒടുവില്‍ വിളിച്ച നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പുരോഗമിക്കുന്നത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് ചെമ്പിരിക്ക, സിറാജ് മന്‍സിലിലെ എം ഹംസ(41)യെ കാണാതായത്. ഇതു സംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയിന്മേല്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം ആറരമണിയോടെ ചന്ദ്രഗിരിപ്പുഴയില്‍ തളങ്കര തീരത്ത് കാണപ്പെട്ടത്.
പൊതു പ്രവര്‍ത്തകന്‍ സാലി കീഴൂരിന്റെ നേതൃത്വത്തില്‍ നാട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തുന്നതിനിടയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഹംസയുടെ ബൈക്ക് ദേളിയിലെ ക്വാര്‍ട്ടേഴ്‌സിനു സമീപത്ത് നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. താക്കോല്‍ ബൈക്കില്‍ തന്നെ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഹംസയുടെ മൃതദേഹം തളങ്കരയില്‍ കണ്ടെത്തിയത്. മരണത്തില്‍ വീട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം രാത്രി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
ബന്ധുക്കള്‍ ഉന്നയിച്ച എല്ലാ സംശയങ്ങളും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
മുഹമ്മദ് കുഞ്ഞി- ജമീല ദമ്പതികളുടെ മകനാണ് എം ഹംസ. ഭാര്യ: കെ റഷീദ. മക്കള്‍: ഫാത്തിമ, റഷീദ്, ഹാഷിം(മൂന്നുപേരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: കാദര്‍, കബീര്‍(ദുബായ്), സിദ്ദീഖ്, റാഷിദ് (ഇലക്ട്രീഷ്യന്‍), സിറാജ് (ദുബൈയ്), മറിയംബി, ആയിഷ.
