ചെന്നൈ: പൂക്കളുമായി വരികയായിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി മാതാവിന്റെ മുന്നില്‍ വച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍. തിരുവണ്ണാമല പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ സുരേഷ് (30), സുന്ദരരാജ് (38) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ സംഭവത്തെ കുറിച്ച് പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത് ഇങ്ങനെ-”തിരുവണ്ണാമല ക്ഷേത്ര പരിസരത്ത് വില്‍പ്പന നടത്തുന്നതിനായി പൂക്കളുമായി വാഹനത്തില്‍ വരികയായിരുന്നു, ആന്ധ്രാപ്രദേശ് സ്വദേശികളായ അമ്മയും മകളും. പുലര്‍ച്ചെ ഒരു മണിക്ക് ഏന്തള്‍ ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍ പൊലീസുകാര്‍ വാഹനം തടഞ്ഞു നിര്‍ത്തി രേഖകള്‍ പരിശോധിച്ചു. രേഖകളില്‍ സംശയം ഉണ്ടെന്നു പറഞ്ഞ് മാതാവിനെ പുറത്തേയ്ക്ക് വിളിച്ചിറക്കി മര്‍ദ്ദിച്ചു. തുടര്‍ന്ന് മകളെ സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയി രണ്ടു പൊലീസുകാരും മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ ഉപേക്ഷിച്ച ശേഷമാണ് പൊലീസുകാര്‍ സ്ഥലം വിട്ടത്. നാട്ടുകാരുടെ സഹായത്തോടെയാണ് അവശനിലയില്‍ മകളെ കുറ്റിക്കാട്ടിനു സമീപത്ത് കണ്ടെത്തിയത്.”
