കാസര്‍കോട്: വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറുകയും മറ്റൊരു യുവതിയെ കല്യാണം കഴിക്കാന്‍ നീക്കം നടത്തുകയും ചെയ്യുന്നുവെന്ന പരാതിയില്‍ ബാങ്ക് ജീവനക്കാരനെതിരെ ബേഡകം പൊലീസ് ബലാത്സംഗത്തിനു കേസെടുത്തു. കണ്ണൂര്‍, കരിവെള്ളൂര്‍ സ്വദേശിക്കെതിരെയാണ് കേസ്. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 29 കാരിയാണ് പരാതിക്കാരി.
പ്രതി ജോലി ചെയ്യുന്ന ബാങ്കില്‍ എത്തിയപ്പോഴാണ് വ്യത്യസ്ത മത വിശ്വാസികളായ ഇരുവരും പരിചയപ്പെട്ടത്. അതിനു ശേഷം പ്രണയത്തിലാവുകയും വിവാഹം കഴിക്കുവാന്‍ ധാരണയില്‍ എത്തുകയും ചെയ്തിരുന്നതായി പറയുന്നു. പ്രതിയായ ആള്‍ പലതവണ യുവതിയുടെ വീട്ടില്‍ എത്തുകയും മതം മാറാന്‍ തയ്യാറാണെന്നു അറിയിക്കുകയും ചെയ്തിരുന്നുവത്രെ.
എന്നാല്‍ അടുത്ത കാലത്തായി യുവതിയില്‍ നിന്നു അകന്നു മാറിയ യുവാവ് മറ്റൊരു യുവതിയെ കല്യാണം കഴിക്കുന്നതിനായി ധാരണയായി. ഈ വിവരം അറിഞ്ഞതോടെയാണ് ബാങ്ക് ജീവനക്കാരനായ കരിവെള്ളൂര്‍ സ്വദേശി വിവാഹ വാഗ്ദാനം നല്‍കി തന്നെ ബലാത്സംഗം ചെയ്ത ശേഷം വഞ്ചിച്ചുവെന്നു യുവതി ബേഡകം പൊലീസില്‍ പരാതി നല്‍കിയത്.
