കാസര്‍കോട്: മദ്രസയിലേയ്ക്ക് പോവുകയായിരുന്ന കുട്ടിയെ കാറില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമം. സംശയം തോന്നിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞു വച്ചു മര്‍ദ്ദിച്ച് പൊലീസിന് കൈമാറി. യുവാവ് കാസര്‍കോട് സ്വദേശിയാണെന്നു സംശയിക്കുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട്, പയ്യാനക്കലിലാണ് സംഭവം. കാറില്‍ എത്തിയ യുവാവ് മദ്രസയിലേയ്ക്ക് പോവുകയായിരുന്ന കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടുവത്രെ. കുട്ടി ഇതിനു തയ്യാറായില്ല. തുടര്‍ന്നു കുട്ടിയെ ബലമായി കാറില്‍ കയറ്റാനുള്ള ശ്രമം ഉണ്ടായതാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാന്‍ ഇടയായത്. ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ ചോദ്യം ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു ലക്ഷ്യമെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ യുവാവിനെ പൊതിരെ തല്ലി. കാറിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തു നിര്‍ത്തിയിരുന്ന ടാക്‌സി കാറുമായാണ് യുവാവ് കുട്ടിയെ തട്ടികൊണ്ടുപോകാന്‍ എത്തിയതെന്നു വ്യക്തമായി. താക്കോല്‍ കാറില്‍ തന്നെ ഉണ്ടായിരുന്നത് കാര്‍ മോഷണം എളുപ്പമാക്കി.
ആശുപത്രിയില്‍ കഴിയുന്ന യുവാവിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളൂ.
