ലക്‌നൗ: ‘ഏകാന്തത’ അവസാനിപ്പിക്കുവാന്‍ 35 കാരിയെ വിവാഹം കഴിച്ച 75 കാരന്‍ കല്യാണപ്പിറ്റേന്ന് മരിച്ചു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍, കുച്ച് മുച്ച് ഗ്രാമത്തിലാണ് സംഭവം. സംഗുറാമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഒരു വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇവര്‍ക്ക് മക്കളില്ല. ഭാര്യയുടെ മരണശേഷം ഒറ്റയ്ക്കായിരുന്നു.
ഒറ്റയ്ക്കുള്ള ജീവിതം മടുത്തതോടെയാണ് സംഗുറാം മറ്റൊരു വിവാഹത്തിനു തീരുമാനിച്ചത്. എന്നാല്‍ തീരുമാനത്തില്‍ നിന്നു പിന്തിരിയണമെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. തനിക്ക്, തന്റേതായ നിലപാടും തീരുമാനവുമാണെന്നു വ്യക്തമാക്കിയ സംഗുറാം വിവാഹ കാര്യത്തില്‍ ഉറച്ചു നിന്നു. സെപ്തംബര്‍ 29ന് 35കാരിയായ മന്‍ഭവതി എന്ന യുവതിയെ കല്യാണം കഴിക്കുകയും ചെയ്തു. വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തശേഷം ക്ഷേത്രത്തില്‍ വച്ചു വിവാഹ ചടങ്ങുകളും നടത്തി.
വിവാഹ രാത്രിയില്‍ ഏറെ നേരം ഇരുവരും സംസാരിച്ചിരുന്നുവെന്നും രാവിലെ ആരോഗ്യനില വഷളാവുകയായിരുന്നുവെന്നും ഭാര്യ മന്‍ഭവതി പറഞ്ഞു. സംഗുറാമിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എന്നാല്‍ മരണത്തില്‍ സംശയം ഉണ്ടെന്ന് ആരോപിച്ചു ബന്ധുക്കള്‍ രംഗത്തുവന്നു. പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും ഡല്‍ഹിയിലുള്ള അനന്തിരവന്‍ എത്തിയ ശേഷം മാത്രമേ സംസ്‌ക്കാരം നടത്താന്‍ അനുവദിക്കുകയുള്ളൂവെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.
