ബംഗളൂരു: 16 വയസ്സുള്ള പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹം നടത്തിയവരോ അതില്‍ പങ്കെടുത്തവരോ ആയി സുജാത് അലി, ഹസന്‍ റാസ, വഖഫ് ബോഡ് അംഗം മിര്‍ കൈം എന്ന അസാന്‍ ജാഫരി എന്നിവരെ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ പരാതിയിലാണ് കേസ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച (സെപ്തംബര്‍ 29)യായിരുന്നു വിവാഹം.
അശോക് നഗര്‍ പൊലീസിനു ലഭിച്ച പരാതി, പൊലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു നല്‍കുകയും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. അഡ്വ. ഹുസൈന്‍ ഒവൈസാണ് എസ് ഡി ജി ആന്റ് ഐ ജി പി എം എ സലീമിനും ബംഗളൂരു പൊലീസ് കമ്മീഷണര്‍ സീമന്തികുമാര്‍ സിംഗിനും നിയമവിരുദ്ധ വിവാഹം എന്ന രീതിയില്‍ പരാതി നല്‍കിയത്. 2006-ലെ ശൈശവ വിവാഹ നിരോധന നിയമലംഘനമാണ് ഈ വിവാഹമെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ഏതു ലൈംഗിക ബന്ധവും അതു വിവാഹത്തിനു ശേഷമായാലും ബലാത്സംഗത്തിനു തുല്യമാണെന്നു കോടതി എടുത്തു പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയായിരിക്കാമെന്നും എന്നാല്‍ അതു ശരിയായ വൈദ്യ പരിശോധനക്കു ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും കോടതി പറഞ്ഞു.
