കല്‍പറ്റ: കടയ്ക്കലില്‍ നിന്ന് കൈവിലങ്ങുമായി ചാടിപ്പോയ പിതാവും മകനും വയനാട്ടിലെ മേപ്പാടിയില്‍ പിടിയില്‍. നെടുമങ്ങാട് സ്വദേശി അയ്യൂബ് ഖാന്‍, മകന്‍ സെയ്തലവി എന്നിവരാണ് പിടിയിലായത്. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്ക് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നത് വ്യക്തമല്ല. തെളിവെടുപ്പിനിടെയായിരുന്നു കൈവിലങ്ങുമായി പ്രതികള്‍ ചാടിപ്പോയത്. പാലോട് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ് ഇരുവരും. കൊല്ലം കടയ്ക്കലില്‍ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ പ്രതികള്‍ മൂത്രമൊഴിക്കാനുണ്ടെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പൊലീസ് വാഹനം നിര്‍ത്തി ഇരുവരേയും പുറത്തിറക്കി. പിന്നാലെ ഇവര്‍ ഓടിപ്പോകുകയായിരുന്നു. ഉടന്‍ തന്നെ ഡ്രോണ്‍ ഉപയോഗിച്ചും മറ്റും പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. വയനാട് മേപ്പാടിയിലുള്ള ഒരു വാടകവീട്ടില്‍ ഇരുവരും ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഷാഡോ പൊലീസ് ആണ് ഇതുമായി ബന്ധപ്പെട്ട രഹസ്യ വിവരം മേപ്പാടി പൊലീസിനെ അറിയിച്ചത്. ചാടിപ്പോയതിനു ശേഷമുള്ള ഈ ദൃശ്യങ്ങളില്‍ കൈവിലങ്ങ് മാറ്റിയതായും വസ്ത്രങ്ങള്‍ മാറിയതായും കണ്ടെത്തിയിരുന്നു. അഞ്ചുവര്‍ഷമായി ക്ഷേത്രങ്ങളും പള്ളികളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു അയൂബ് ഖാനും സെയ്തലവിയും പ്രധാനമായും മോഷണം നടത്തിവന്നത്. ഒരുമിച്ചാണ് മോഷണം നടത്തുക. പാലോട് സെന്റ് മേരീസ് ചര്‍ച്ചിലെ കാണിക്കവഞ്ചി കുത്തി തുറന്നും പണം കവര്‍ന്നിരുന്നു. കിളിമാനൂര്‍, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിലും ഇവരുടെ പേരില്‍ കേസുണ്ട്.
