കാസര്‍കോട്: മാതാവിന്റെ രോഗം മാറ്റാന്‍ എത്തി 19 കാരിയായ മകളെയും കൊണ്ട് സ്ഥലംവിട്ട സിദ്ധന്‍ പിടിയിൽ . കർണ്ണാടക, വിരാജ്പേട്ടയിൽ വച്ചാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. കാഞ്ഞങ്ങാട്ടെത്തിച്ച് ഇവരിൽ നിന്നു പൊലീസ് മൊഴിയെടുക്കുകയാണ്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ അബ്ദുല്‍ റഷീദും ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയുമാണ് പിടിയിലായത് .
സെപ്തംബര്‍ 22ന് ആണ് യുവതിയെ കാണാതായത്. പതിവുപോലെ കോളേജിലേയ്ക്ക് പോയതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി അബ്ദുല്‍ റഷീദിനൊപ്പം പോയതാണെന്നു കണ്ടെത്തിയത്.ഇരുവരും തമിഴ്നാട്ടിലെ ഏർവാടിയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അവിടെ എത്തിയിരുന്നു. എന്നാൽ അപകടം മണത്തറിഞ്ഞ അബ്ദുൽ റഷീദ് യുവതിയുമായി കാറിൽ രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇരുവരെയും വിരാജ്പേട്ടയിൽ വച്ച് പിടികൂടിയത് . കാറും കസ്റ്റഡിയിലെടുത്തു.
അബ്ദുൽ റഷീദിനെ കാണാതായ സംഭവത്തിൽ വിദ്യാനഗർ പൊലീസും കേസെടുത്തിരുന്നു.
