കാസര്‍കോട്: മാതാവിന്റെ രോഗം മാറ്റാന്‍ എത്തി 19 കാരിയായ മകളെയും കൊണ്ട് സ്ഥലംവിട്ട സിദ്ധന്‍ എര്‍വാടിയില്‍ നിന്നു പൊലീസിനു പിടികൊടുക്കാതെ തന്ത്രപരമായി രക്ഷപ്പെട്ടു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ അബ്ദുല്‍ റഷീദ് ആണ് യുവതിയെയും കൂട്ടി പൊലീസിന്റെ പിടിയില്‍ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
സെപ്തംബര്‍ 22ന് ആണ് യുവതിയെ കാണാതായത്. പതിവുപോലെ കോളേജിലേയ്ക്ക് പോയതായിരുന്നു. വൈകുന്നരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി അബ്ദുല്‍ റഷീദിനൊപ്പം പോയതാണെന്നു കണ്ടെത്തിയത്. യുവതിയെ തേടി പൊലീസ് തമിഴ്‌നാട്ടില്‍ എത്തിയിരുന്നു. എന്നാല്‍ പൊലീസ് പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയ അബ്ദുല്‍ റഷീദ് യുവതിയുമായി ആന്ധ്രാപ്രദേശിലേയ്ക്ക് കടന്നതായി പൊലീസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് യുവാവിനെയും യുവതിയെയും പിന്തുടര്‍ന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
യുവാവ് എത്താന്‍ സാധ്യത ഉണ്ടെന്നു കരുതുന്ന സ്ഥലങ്ങളിലെല്ലാം നിരീക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയാണ് പൊലീസ് സംഘം തിരിച്ചെത്തിയത്. ഇതിനിടയില്‍ കഴിഞ്ഞ ദിവസമാണ് യുവാവ് യുവതിയുമായി എര്‍വാടിയില്‍ ഉള്ളതായുള്ള വിവരം പൊലീസിനു ലഭിച്ചത്. തുടര്‍ന്ന് പൊലീസ് സംഘം അവിടെ എത്തുമ്പോഴേയ്ക്കും യുവാവ് തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു വത്രെ. യുവതീ യുവാക്കള്‍ കര്‍ണ്ണാടകയിലേയ്ക്കു കടന്നുവെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ സംശയം.
യുവതി വീട്ടില്‍ നിന്നു പോകുമ്പോള്‍ ഏഴുപവനോളം സ്വര്‍ണ്ണം കരുതിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
യുവാവിനെ പിടികൂടാനായാല്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മറ്റു ചില പരാതികള്‍ക്ക് പരിഹാരം ഉണ്ടാക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
