കാസര്‍കോട്: നികുതിവെട്ടിച്ച് വിദേശ നിര്‍മ്മിത ആഡംബര കാറുകള്‍ എത്തിച്ച കേസിന്റെ അന്വേഷണത്തിനായി എന്‍ഐഎ കാസര്‍കോട്ടേക്ക്. കാര്‍ കടത്തി കൊണ്ടുവന്ന സംഘത്തില്‍ കാസര്‍കോട് സ്വദേശിയായ ഒരാള്‍ ഉണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് എന്‍ഐഎ എത്തുന്നതെന്നാണ് സൂചന. മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ അംഗമാണ് കാസര്‍കോട് സ്വദേശിയെന്നും പറയുന്നു. പ്രസ്തുത ആളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ‘ഓപ്പറേഷന്‍ നുംഖൂര്‍’ എന്ന പേരില്‍ കസ്റ്റംസ് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിലാണ് നികുതി വെട്ടിച്ച് നേപ്പാള്‍ വഴി കടത്തിക്കൊണ്ടുവന്ന ആഡംബര കാറുകള്‍ കേരളത്തിലും എത്തിയതായി കണ്ടെത്തിയത്.
സിനിമാ നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് അടക്കമുള്ള സെലിബ്രിറ്റികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടിലേറെ കാറുകള്‍ കണ്ടെത്തിയിരുന്നു.
നേപ്പാളില്‍ നിന്ന് നികുതി വെട്ടിച്ച് കേരളത്തിലേക്ക് ഇരുന്നൂറോളം വാഹനങ്ങള്‍ കടത്തിക്കൊണ്ടു വന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടല്‍. ഇവയില്‍ ഏതാനും വാഹനങ്ങള്‍ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളു. ബാക്കി വാഹനങ്ങള്‍ സംസ്ഥാനത്തിനു പുറത്തേക്ക് കടത്തിയതായും സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ബംഗ്‌ളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുവാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി കര്‍ണ്ണാടക, തമിഴ്‌നാട് പൊലീസിന്റെ സഹായം തേടുമെന്നു സൂചനയുണ്ട്.
