ചെന്നൈ: വിജയ്‍യുടെ കരൂർ റാലിയിലുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്നതിനിടെയാണ് മതിയഴകൻ പിടിയിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കേസിൽ വിജയ്‍യെ പ്രതിസ്ഥാനത്തുനിർത്തി ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ്. അതേസമയം, ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘർഷത്തിലാണെന്നാണ് റിപ്പോർട്ട്. പണയൂരിലെ വീട്ടിലായിരുന്ന വിജയ്, രാവിലെ പറ്റണംപക്കത്തെ വീട്ടിലേക്ക് മാറി. ടിവികെയുടെ രണ്ടാമത്തെ ഓഫീസ് ഇവിടെയാണ് പ്രവർത്തിക്കുന്നത്. അതിനിടെ രാഹുൽ ഗാന്ധി വിജയ്‍യെ ഫോണിൽ വിളിച്ചു വിവരങ്ങൾ തേടി. ടിവികെ റാലിയിൽ ആളുകൾ മരിക്കാനിടയായ സംഭവത്തിൽ അനുശോചനം അറിയിച്ചെന്നും ഫോൺ വിളിക്ക് രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം.ദുരന്തഭൂമി സന്ദർശിക്കാൻ അനുമതി തേടി വിജയ്‌കരൂരിലെ ദുരന്തഭൂമി സന്ദർശിക്കാൻ അനുമതി തേടി വിജയ് ഹൈക്കോടതിയിൽ ഹർജി നൽകി. സന്ദർശനത്തിന് പൊലീസും ജില്ലാ ഭരണകൂടവും തടസ്സം നിൽക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കരൂർ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലുപ്പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി ആണ് ഇന്നലെ രാവിലെ മരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ച സ്ത്രീകളുടെ എണ്ണം 18 ആയി. കേസിൽ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി ഡിജിപി ഉത്തരവിറക്കി. എഡിഎസ്പി പ്രേമാനന്ദന് ആണ് അന്വേഷണ ചുമതല. അതിനിടെ, കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമനും എൽ മുരുകനും ആൾക്കൂട്ട ദുരന്തം ഉണ്ടായ കരൂറിലെത്തി, പരിക്കേറ്റവരെ സന്ദർശിച്ചു.
