മംഗ്ളൂരു: ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി ഒന്നര കോടി രൂപ വിലവരുന്ന സ്വര്‍ണ്ണക്കട്ടികള്‍ കൊള്ളയടിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഉള്ളാള്‍ സ്വദേശികളായ ഫാരിഷ് (18), സഫ് വാന്‍ (23), അറഫാത്ത് അലി (18), ഹംപന്‍കട്ടയിലെ ജ്വല്ലറി ജീവനക്കാരനായ കൗമാരക്കാരന്‍ എന്നിവരെയാണ് മംഗ്ളൂരു നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത പ്രതി ജോലി ചെയ്യുന്ന ജ്വല്ലറിയിലെ ജീവനക്കാരനായ മുസ്തഫയാണ് തട്ടിക്കൊണ്ടു പോകലിന് ഇരയായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കാര്‍ സ്ട്രീറ്റ് പരിസരത്ത് വച്ച് രണ്ടു വാഹനങ്ങളിലായി എത്തിയ സംഘമാണ് മുസ്തഫയെ തട്ടിക്കൊണ്ടു പോയി സ്വര്‍ണ്ണം കൊള്ളയടിച്ചത്. കൗമാരക്കാരനാണ് മുസ്തഫ സ്‌കൂട്ടറില്‍ സ്വര്‍ണ്ണവുമായി പോവുന്ന കാര്യം മറ്റു പ്രതികളെ അറിയിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം മറ്റു പ്രതികളിലെത്തിയത്. കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. അന്വേഷണം തുടരുന്നു.
