മംഗളൂരു: മെബൈലില്‍ അശ്ലീല സന്ദേശമയച്ച് യുവതിയെ ബ്ലാക്‌മെയില്‍ ചെയ്ത ഹിന്ദു ജാഗരണ വേദികെ നേതാവിനെതിരെ പൊലീസ് കേസെടുത്തു. മൂഡ്ബിദ്രിയിലെ ഹിന്ദു ജാഗരണ വേദികെയുടെ ജില്ലാ സഹ-കണ്‍വീനര്‍ സമിത് രാജിനെതിരായാണ് ബജ്‌പെ പൊലീസ് കേസെടുത്തത്. യുവതിയുടെ ആശുപത്രിയിലുള്ള സഹോദരന് ചികില്‍സയ്ക്ക് സാമ്പത്തിക സഹായം നല്‍കിയാണ് യുവാവ് അടുപ്പം കൂടിയത്. ആരോഗ്യസ്ഥിതി അന്വേഷിക്കാനെന്ന വ്യാജേന യുവതിയുടെ മൊബൈലില്‍ പലതവണ വിളിച്ചു. പിന്നീട് കാറില്‍ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ഫോട്ടോകള്‍ മൊബൈലില്‍ പകര്‍ത്തി. തന്നെ വിവാഹം കഴിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടപ്പോള്‍ യുവതി വിസമ്മതം അറിയിച്ചു. ഇതേ തുടര്‍ന്ന് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്‌മെയിലിങ് ആരംഭിച്ചതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.
