ചെന്നൈ: യുക്കോ ബാങ്കിന്റെ ചെന്നൈ മേഖലാ തലവന്‍ കീഴ് ജീവനക്കാരോടു മോശമായി പെരുമാറുന്നെന്ന് ഒരു ജീവനക്കാരി ബാങ്ക് മേധാവികളോടു പരാതിപ്പെട്ടതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ബാങ്കിന്റെ മേഖലാ തലവന്‍ ജീവനക്കാരോടു മനുഷ്യത്വ രഹിതമായും വിഷലിപ്തമായും പെരുമാറുന്നു. അയാള്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണം- ബാങ്ക് മേലധികാരികള്‍ക്കയച്ച ഇ മെയിലില്‍ ജീവനക്കാരി അഭ്യര്‍ത്ഥിച്ചു.
ഒരിക്കല്‍ ഒരു ബ്രാഞ്ച് മാനേജരുടെ അമ്മയെ അസുഖത്തെത്തുടര്‍ന്നു ഐസിയുവില്‍ പ്രവേശിപ്പിക്കുകയും അവധിക്കപേക്ഷിച്ചപ്പോള്‍ തിരികെ ജോലിക്ക് എപ്പോഴെത്തുമെന്നു ചോദിച്ചു വിഷമിപ്പിക്കുകയും ചെയ്തു എന്നു പരാതിയില്‍ പറഞ്ഞു. മറ്റൊരു ശാഖാ മാനേജരുടെ മാതാവു മരിച്ചു. ലീവിനപേക്ഷിച്ചപ്പോള്‍ എല്ലാവരുടെയും അമ്മമാര്‍ മരിക്കുമെന്നും നാടകം കളിക്കാതെ പെട്ടെന്നു ജോലി ചെയ്യാനുമായിരുന്നു മറുപടി. അല്ലെങ്കില്‍ എല്‍ ഡബ്ല്യു പി അടയാളപ്പെടുത്തുമെന്നു താക്കീതു ചെയ്തു. അതിനു ശേഷം ജീവനക്കാരനെതിരെ കത്തുകൊടുത്തു. മറ്റൊരു ബാങ്ക് മാനേജരുടെ ഒരു വയസ്സുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെതുടര്‍ന്ന് അവധി ആവശ്യപ്പെട്ടപ്പോള്‍ അതിനു താന്‍ ഡോക്ടറാണോ എന്നായിരുന്നു തിരിച്ചു ചോദിച്ചതെന്നു പരാതിക്കാരി ബാങ്ക് മേധാവികളെ അറിയിച്ചു. ആശുപത്രിയില്‍ പോയി എന്തുചെയ്യാനാണെന്നു തുടര്‍ന്നു ചോദിച്ചു. ഉടനെ ഓഫീസില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. അല്ലെങ്കില്‍ എല്‍ ഡബ്ല്യു പി അടയാളപ്പെടുത്തുമെന്നു താക്കീതും നല്‍കി. മറ്റൊരു സംഭവത്തില്‍ ഒരു ജീവനക്കാരന്റെ ഭാര്യയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മേഖലാ മേധാവിയുടെ മറുപടി അപമാനകരമായ പരാമര്‍ശങ്ങളായിരുന്നുവത്രെ. അവധി അപേക്ഷ നിരസിക്കുകയും ചെയ്തു.
അച്ചടക്കത്തിന്റെ മറവില്‍ ബാങ്കുകളില്‍ നടക്കുന്ന ക്രൂരതയെന്നു ഇതില്‍ പലരും പ്രതികരിച്ചു.
ബാങ്കുകളില്‍ പ്രാകൃത സ്വേഛാധിപത്യമാണെന്നായിരുന്നു ഇതിനു മറ്റു വായനക്കാരുടെ പ്രതികരണം. റിസര്‍വ് ബാങ്ക്, ധനകാര്യ വകുപ്പ്, ധനമന്ത്രാലയം എന്നീ റെഗുലേറ്ററി അതോറിറ്റികളെ ടാഗു ചെയ്തുകൊണ്ടു നിരവധി പേര്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
