ലഖ്നൗ: ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട നാല് പേരെ ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തതായി പൊലീസ്. ഉത്തര്‍പ്രദേശിലെ വിവിധ ഇടങ്ങളിലായി താമസിച്ച് ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ് പിടിയിലായത്. അക്മല്‍, സഫീല്‍, മൊഹമ്മദ് തൗസീഫ്, കാസിം എന്നിവരാണ് പിടിയിലായത്. ഇവര്‍ പാക് ഭീകര സംഘടനകളാല്‍ സ്വാധീനിക്കപ്പെട്ടവരാണെന്ന് ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സേന പറയുന്നു.
ഇവരില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണുകള്‍, ആധാര്‍, പാന്‍ കാര്‍ഡുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഒരു ഫോണ്‍പേ സ്‌കാനര്‍ എന്നിവ എടിഎസ് പിടിച്ചെടുത്തു.
സമൂഹമാധ്യമങ്ങളിലൂടെ അടക്കം ആളുകളെ പ്രകോപിപ്പിക്കാനും ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിക്കാനും ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്നു ആരോപണം.
മുസ്ലീം ഇതര മത നേതാക്കളെ വധിക്കാനും ഇവര്‍ ലക്ഷ്യമിട്ടുവെന്നും നാല് പേരെയും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്നും യുപി എടിഎസ് വ്യക്തമാക്കി. സംസ്ഥാനത്ത് മുജാഹിദ് ആര്‍മിയെന്ന സംഘടന രൂപീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. യുപിയിലെ കാന്‍പൂര്‍, രാംപൂര്‍, സോന്‍ഭദ്ര, സുല്‍ത്താന്‍പുര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പലയിടത്തായി ഇവര്‍ ഒത്തുചേര്‍ന്നിരുന്നുവെന്നും ആയുധങ്ങള്‍ ശേഖരിക്കാന്‍ പണം സമാഹരിച്ചുവെന്നും പൊലീസ് പറയുന്നു. മറ്റു കൂട്ടാളികളെയും സഹായികളെയും പിടികൂടുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് എടിഎസ് അറിയിച്ചു.
