നാരായണന്‍ പേരിയ
”ആരിപ്പയ്യന്‍! ഹിമഗിരി കടന്നേറുവാന്‍
പോകുവോനോ? ദൂരത്തെങ്ങാനധിക
ദിവസം തങ്ങുവാനോങ്ങുവോനോ?
ആരും ഞെട്ടും വിധമൊരു മഹാ സഞ്ചി
പേറുന്ന വീരന്‍ നാലാം ക്ലാസില്‍ പഠന
വിഭവക്കെട്ടു താങ്ങുന്ന പയ്യന്‍!”
(ഏവൂര്‍ പരമേശ്വരന്‍ രചിച്ച ”മോഡേണ്‍ മുക്തക”ങ്ങളില്‍ ഒന്ന്)
തോളില്‍ വലിയൊരു മാറാപ്പും പേറി പോകുന്ന കുട്ടിയെക്കണ്ട് ചോദിക്കുകയാണ്: ആരാണ് ഈ കുട്ടി? ഹിമാലയ പര്‍വ്വതം കയറാന്‍ പോകുന്നവനാണോ? അതല്ല, അകലെയെവിടെയെങ്കിലും കുറേദിവസം താമസിക്കാന്‍ പോകുന്ന ആളോ? അതൊന്നുമല്ല; കേട്ടാല്‍ ഞെട്ടിപ്പോകും: നാലാം ക്ലാസില്‍ പഠിക്കാനുള്ള പുസ്തകങ്ങളാണ് ആ സഞ്ചിയില്‍. ഒരു ചുമട് പുസ്തകങ്ങള്‍. അതും നാലാം ക്ലാസുകാരന്റെ സഞ്ചിയില്‍.
വിദ്യാര്‍ത്ഥികളുടെ പഠനഭാരം കൂടുന്നു; അത് കുറക്കണം. കനത്ത പുസ്തകക്കെട്ടും ഉച്ചഭക്ഷണവും ചുമന്ന് നടന്നാല്‍ കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. വിമര്‍ശനം മാനിച്ച് വിദ്യാഭ്യാസ വിദഗ്ദ്ധന്മാരുടെ ശുപാര്‍ശ പ്രകാരം പുസ്തകങ്ങളുടെ എണ്ണം കുറച്ചു. പുസ്തകങ്ങള്‍ വീട്ടിലേയ്ക്ക് കൊണ്ടുപോകണമെന്നില്ല; ക്ലാസില്‍ തന്നെ വെച്ചാല്‍ മതി. അല്ലെങ്കില്‍ ടൈംടേബിള്‍ പരിഷ്‌ക്കരിക്കുക. ഉച്ച ഭക്ഷണം വീട്ടില്‍ നിന്ന് കൊണ്ടുപോകേണ്ടാ; സ്‌കൂളില്‍ത്തന്നെ തയ്യാറാക്കി യഥാസമയം വിതരണം ചെയ്യണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വിഭവങ്ങളും മാറി മാറി നല്‍കണം- ബിരിയാണി, പായസം, വെജ്, നോണ്‍വെജ് -ഇങ്ങനെ.
വിദ്യാലയ കലോത്സവത്തിലും മാറ്റം. പുതിയ പുതിയ ഇനങ്ങള്‍. വിദ്യാര്‍ത്ഥികളുടെ പ്രവൃത്തി പരിചയമേള- വര്‍ക്ക് എക്സ്പീരിയന്‍സ് ഫെസ്റ്റിവല്‍- അതിലും പരിഷ്‌ക്കാരങ്ങള്‍. ചെലവു ചുരുങ്ങിയ പോഷകാഹാര വിഭവങ്ങള്‍ തയ്യാറാക്കല്‍- ഒരു മത്സര ഇനം. അത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ: വില കുറഞ്ഞതും ചുറ്റുപാടുകളില്‍ സുലഭമായിട്ടുള്ളതുമായ ഭക്ഷ്യ മിശ്രിതങ്ങളാല്‍ പാചകം ചെയ്യുന്ന മത്സര ഇനം. പാചകം ചെയ്യാന്‍ ”മണ്ണെണ്ണത്തിരി സ്റ്റൗ” മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥി തന്നെ അത് കൊണ്ടുവരണം.
ഈ നിര്‍ദ്ദേശത്തിനെതിരെ പരാതികളും വിമര്‍ശനങ്ങളും ഉയരുന്നു. പ്രവൃത്തി പരിചയമേളയുടെ മാന്വലില്‍ ഭേദഗതി വരുത്തണമെന്ന് ”മണ്ണെണ്ണത്തിരി സ്റ്റൗ”നിര്‍ദ്ദേശം വന്നപ്പോള്‍ത്തന്നെ ആവശ്യപ്പെട്ടിരുന്നു വിദ്യാലയങ്ങളില്‍ നിന്ന്. അടുത്ത വര്‍ഷം പരിഷ്‌ക്കരിക്കുന്നതാണ് എന്ന് അറിയിച്ചു. പക്ഷേ, ഈ വര്‍ഷവും പഴയപടി സര്‍ക്കാരിന്റെ പരിഗണനയില്‍ എന്ന് മറുപടി.
ഒരു പദ്ധതി-അല്ലെങ്കില്‍, പരിഷ്‌ക്കാരം നിര്‍ദ്ദേശിക്കുമ്പോള്‍ അതിന്റെ പ്രായോഗികതയെക്കുറിച്ച് ആലോചിക്കണം. ചര്‍ച്ച നടത്തണം. ‘മണ്ണെണ്ണത്തിരി സ്റ്റൗ’ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടോ? മുമ്പ് ഉപയോഗിച്ചിരുന്നവര്‍ ‘ഗ്യാസ് സ്റ്റൗ’ വിലേയ്ക്ക് പാചകം മാറ്റി. പഴയ സ്റ്റൗ ആക്രിക്കാര്‍ക്ക് കൈമാറി. മണ്ണെണ്ണ ക്ഷാമം എന്ന കാരണം. മണ്ണെണ്ണത്തിരി സ്റ്റൗ ഉപയോഗിക്കുമ്പോള്‍ അപകടസാധ്യതയുണ്ട്. ഇന്‍ഡക്ഷന്‍ കുക്കര്‍ പോലുള്ള പാചകോപകരണങ്ങള്‍ അനുവദിക്കണം. അത് മത്സരസ്ഥലത്ത് ആവശ്യാനുസരണം ലഭ്യമാക്കണം.
ഉപജില്ലാതലത്തില്‍ മത്സരം നടത്തി അതില്‍ വിജയിക്കുന്നവരാണല്ലോ ജില്ലാ സംസ്ഥാന തലങ്ങളിലേയ്ക്ക് പോകുക. താഴെത്തട്ടില്‍ മാത്രമേ മത്സരാര്‍ത്ഥികള്‍ കൂടുതല്‍ ഉണ്ടാവുകയുള്ളൂ. പുതിയതും സൗകര്യപ്രദവുമായ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ എളുപ്പമാണ്. ഉപജില്ലാ മേളകള്‍ക്ക് മുമ്പു തന്നെ മാറ്റം വരുത്തണം എന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും ആവശ്യപ്പെട്ടിരുന്നു. പരിഹരിക്കാം എന്ന് മറുപടി കിട്ടി പോലും. അതിനപ്പുറം ഒന്നും നടന്നില്ല.
പാരമ്പര്യത്തിലേയ്ക്ക് മടങ്ങുക എന്നൊരു നിര്‍ദ്ദേശം വന്നേയ്ക്കുമോ? നമ്മുടെ പരമ്പരാഗത പാചകരീതി- കല്ലടുപ്പില്‍ വിറക് കത്തിച്ച് മണ്‍ചട്ടിയില്‍ പാചകം. അടുപ്പ് കൂട്ടുന്നതിനുള്ള കല്ലുകളും പാചകച്ചട്ടികളും കത്തിക്കാനുള്ള ഉണങ്ങിയ വിറകും മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടു വരേണ്ടതാണ് എന്നൊരു അറിയിപ്പും.
ചെലവു കുറഞ്ഞ പാചകം- പരിസരങ്ങളില്‍ നിന്ന് ലഭ്യമാകുന്ന ചെലവുകുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ച്- കല്ലും വിറകും വിലകൊടുക്കാതെ കിട്ടും. പക്ഷേ, എവിടെ? കിട്ടി എന്നിരിക്കട്ടെ: മത്സരസ്ഥലത്തേയ്ക്ക് മത്സരാര്‍ത്ഥികള്‍ ചുമന്നു കൊണ്ടുപോകുക!
കാണുന്നവര്‍ ചോദിക്കേണ്ടാ- ആരിപ്പയ്യന്‍, ഹിമഗിരി കടന്നേറുവാന്‍ പോകുവോനോ എന്ന്! പ്രവൃത്തി പരിചയമേളയല്ലേ നടക്കുന്നത്? അങ്ങോട്ടു തന്നെ. മാറാപ്പില്‍ പാചകോപകരണങ്ങള്‍. ചെലവു കുറഞ്ഞ…