മുംബൈ: ചിക്കന്‍കറി ആവശ്യപ്പെട്ട മകനെ ചപ്പാത്തി റോളര്‍ കൊണ്ട് അടിച്ചുകൊന്ന മാതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പാല്‍ഗാറില്‍ ഞായറാഴ്ച രാത്രിയാണ് ദാരുണ സംഭവം നടന്നത് ചിന്മയി ദുംഡേ എന്ന ഏഴുവയസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാതാവ് പല്ലവി ദുംഡേ (40) അറസ്റ്റിലായി. ചിന്മയിയുടെ സഹോദരിയായ പത്തുവയസുകാരയെയും അടിച്ചിരുന്നു. ഗുരുതമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കാശിപാദയിലെ ഒരു ഫ്‌ളാറ്റിലാണ് പല്ലവിയും കുടുംബവും താമസിച്ചിരുന്നത്. സംഭവദിവസം രാത്രി തനിക്ക് ചിക്കന്‍കറി കഴിക്കണമെന്ന് ചിന്മയി ആവശ്യപ്പെട്ടതില്‍ പ്രകോപിതയായ പല്ലവി ചപ്പാത്തി റോളര്‍ കൊണ്ട് കുട്ടിയെ പൊതിരെ അടിക്കുകയായിരുന്നു. പിന്നാലെ മകളെയും റോളര്‍ കൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചു. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നാലെ പൊലീസും പ്രാദേശിക ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സബ് ഡിവിഷണല്‍ ഓഫീസറും സ്ഥലത്തെത്തി. യുവതിയെ കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മകളുടെ ആരോഗ്യനിലയും ഗുരുതരമാണ്. പാല്‍ഘര്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് യതീഷ് ദേശ്മുഖ് പറഞ്ഞു.
