കോട്ട: അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ ടെലിവിഷന്‍ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം. ശ്രീമദ് രാമായണത്തിലെ പുഷ്‌കല്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ എട്ടുവയസുകാരന്‍ വീര്‍ ശര്‍മ്മയും 16 വയസുള്ള സഹോദരന്‍ ഷോറിയ ശര്‍മ്മ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രാജസ്ഥാനിലെ കോട്ടയിലായിരുന്നു സംഭവം. തീപിടിത്തെത്തുടര്‍ന്നുണ്ടായ പുക ശ്വസിച്ചായിരുന്നു ഇരുവരും മരിച്ചതെന്നാണ് വിവരം. തീപിടിത്തം ഉണ്ടായ സമയത്ത് സഹോദരങ്ങള്‍ വീട്ടില്‍ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോച്ചിങ് സെന്റര്‍ അധ്യാപകനായ പിതാവ് ജിതേന്ദ്ര ശര്‍മ ഒരു ഭജന്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. അമ്മ നടി റീത്ത ശര്‍മ്മ മുംബൈയിലായിരുന്നു. പുതിയ സിനിമയില്‍ സെയ്ഫ് അലി ഖാന്റെ ബാല്യകാലം അഭിനയിക്കേണ്ടിയിരുന്നത് വീര്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അനന്തപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ദീപ്ശ്രീ ബില്‍ഡിംഗിന്റെ നാലാം നിലയിലെ ഒരു ഫ്‌ലാറ്റിലാണ് സംഭവം നടന്നത്. ഡ്രോയിങ് റൂമിലെ ഷോര്‍ട് സര്‍ക്യൂട്ട് മൂലമാണ് തീപടര്‍ന്നതെന്നാണ് വിവരം. പുലര്‍ച്ചെ രണ്ടോടെ ഫ്‌ളാറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ കുട്ടികള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടെത്തി. ഉടന്‍ തന്നെ അവര്‍ പിതാവിനെ വിവരമറിയിക്കുകയും ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ പുക ശ്വസിച്ചാണ് മരിച്ചതെന്ന് കരുതുന്നുവെന്നും തീ മറ്റ് മുറികളിലേക്ക് പടര്‍ന്നിട്ടില്ലെന്നും എസ്പി വ്യക്തമാക്കി. ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ കത്തി ചാരമായതായും പൊലീസ് പറഞ്ഞു. മാതാവ് മുംബൈയില്‍ നിന്ന് എത്തിയതിനു ശേഷം മൃതദേഹങ്ങള്‍ കുടുംബത്തിന് കൈമാറി. കുടുംബത്തിന്റെ ആഗ്രഹപ്രകാരം കുട്ടികളുടെ കണ്ണുകള്‍ ഒരു നേത്രബാങ്കിലേക്ക് ദാനം ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 194 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.
