ന്യൂഡെല്‍ഹി: 17 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിനു വിധേയനായ ഡെല്‍ഹിയിലെ ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി(62)യെ ഡെല്‍ഹി പൊലീസ് ഞായറാഴ്ച രാവിലെ ആഗ്രയില്‍ അറസ്റ്റു ചെയ്തു. സ്വാമിയുടെ എട്ടുകോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകളും സ്ഥിരനിക്ഷേപങ്ങളും മരവിപ്പിച്ചു. തെക്കു പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ ഒരു മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ മുന്‍ ചെയര്‍മാനായിരുന്നു സരസ്വതി സ്വാമി. സ്ഥാപനത്തിലെ വനിതാ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചു തന്റെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിക്കുകയായിരുന്നെന്നു പൊലീസ് സൂചിപ്പിച്ചു. രാത്രി കാലങ്ങളിലായിരുന്നു ഇതെന്നു കൂട്ടിച്ചേര്‍ത്തു. സ്വാമിക്കെതിരെ മറ്റു നിരവധി പെണ്‍കുട്ടികളും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതികളില്‍ നടത്തിയ തെളിവെടുപ്പില്‍ നിന്ന് അവര്‍ ഒഴിഞ്ഞു മാറുകയായിരുന്നു.
