പുത്തൂര്‍: വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയും ഗര്‍ഭിണിയായിരിക്കെ വഞ്ചിക്കുകയും ചെയ്ത കേസില്‍ വഴിത്തിരിവ്. ഡിഎന്‍എ റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞിന്റെ പിതാവ് ബിജെപി നേതാവ് പിജി ജഗന്നിവാസ് റാവുവിന്റെ മകന്‍ ശ്രീ കൃഷ്ണ ജെ റാവു ആണെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച പുത്തൂരില്‍ നടന്ന പത്രസമ്മേളനത്തിലാണ് വിശ്വകര്‍മ മഹാ മണ്ഡലം സംസ്ഥാന പ്രസിഡന്റ് കെപി നഞ്ചുണ്ടി ഡിഎന്‍എ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച ഡിഎന്‍എ റിപ്പോര്‍ട്ടില്‍ കുട്ടിയും പ്രതിയും തമ്മിലുള്ള വ്യക്തമായ പൊരുത്തമുണ്ടെന്നും, പ്രതിയാണ് പിതാവെന്ന് സ്ഥിരീകരിക്കുന്നതായും നഞ്ചുണ്ടി പറഞ്ഞു. ഇനി ശ്രീകൃഷ്ണ ജെ. റാവു ഇരയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന് നഞ്ചുണ്ടി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഇരയും മാതാവും വിശ്വകര്‍മ മഹാ മണ്ഡലത്തിലെ പ്രധാന പ്രതിനിധികളും പങ്കെടുത്തു. കഴിഞ്ഞ ജുലൈയില്‍
പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ കൃഷ്ണ റാവു അറസ്റ്റിലായിരുന്നു. വിദ്യാര്‍ത്ഥിനിയായ തന്റെ മകള്‍ക്ക് ഹൈസ്‌കൂള്‍ കാലം മുതല്‍ കൃഷ്ണയുമായി ബന്ധമുണ്ടായിരുന്നുവെന്ന് മാതാവ് പറഞ്ഞിരുന്നു. കുട്ടിക്ക് മൂന്ന് മാസം പ്രായമാകുമ്പോള്‍ ഡിഎന്‍എ പരിശോധനയുമായി മുന്നോട്ട് പോകാനാണ് കുടുംബം തീരുമാനിച്ചിരുന്നത്. ജാതിയും കുടുംബ പശ്ചാത്തലവുമാണ് വിവാഹത്തെ എതിര്‍ക്കാനുള്ള കാരണമെന്ന് അവര്‍ പറഞ്ഞു.
