ഭോപ്പാല്‍: അഞ്ചു വയസ്സുള്ള ആണ്‍കുട്ടിയെ അമ്മയുടെ മുന്നില്‍ വച്ചു അജ്ഞാതന്‍ തലയറുത്തു കൊലപ്പെടുത്തി.
മധ്യപ്രദേശിലെ ധറിലാണ് കഴിഞ്ഞ ദിവസം ദാരുണസംഭവമുണ്ടായത്. വീട്ടുകാരുടെ അലമുറകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അക്രമിയെ പിടികൂടി. പൊലീസ് സ്ഥലത്തെത്തുന്നതുവരെ കോപാകുലരായ നാട്ടുകാര്‍ അയാളെ മര്‍ദ്ദിച്ചു. സംഭവ മറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് അവശനായ ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിനിടയില്‍ മരിച്ചു.
കൊല്ലപ്പെട്ടയാള്‍ അലിരാജ്പുര്‍ ജില്ലയിലെ ജോബത് ബാഗ്ഡി നിവാസിയായ മഹേഷ് ആണെന്നു പൊലീസ് തിരിച്ചറിഞ്ഞു. 25 കാരനായ ഇയാള്‍ക്കു മാനസിക അസ്വസ്ഥതയുണ്ടെന്നു സൂചനയുണ്ട്. നാലുദിവസമായി ഇയാളെ കാണാനില്ലായിരുന്നുവെന്നു വീട്ടുകാര്‍ പറയുന്നതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളെ അക്രമിച്ചതിനെതിരെ അന്വേഷണത്തിനു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
ബൈക്കില്‍ എത്തിയ മഹേഷ്, കാലുസിംഗ് എന്നയാളുടെ വീട്ടിനു മുന്നില്‍ ബൈക്ക് നിറുത്തി വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടില്‍ കയറിയ ഉടന്‍ ഒരു വീട്ടുപകരണം എടുത്തു കുട്ടിയെ അടിച്ചു. അതിനു ശേഷം കുട്ടിയുടെ കഴുത്ത് അറത്ത അക്രമി പിന്നീടു കുട്ടിയുടെ തോളില്‍ അടിച്ചു ശരീരം വികൃതമാക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച മാതാവിനെ അയാള്‍ അക്രമിച്ചു പിന്തിരിപ്പിക്കുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തുന്നതിനു മുമ്പു ആ വീടിനടുത്തെ ഒരു കടയില്‍ക്കയറിയ അക്രമി അവിടെ കൊള്ളയടിക്കാന്‍ ശ്രമവും നടത്തിയിരുന്നതായി പറയുന്നു.
