ലക്‌നൗ: ബെറേലിയില്‍ വെള്ളിയാഴ്ച ഖുത്തുബ പ്രസംഗത്തിനു ശേഷം നടന്ന ഐ ലവ് മുഹമ്മദ് പ്രചരണത്തിനിടയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ടു ഖത്തീബുള്‍പ്പെടെ 39പേരെ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച മുതല്‍ ജില്ലയില്‍ 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനം നിറുത്തിവച്ചു. പ്രതികളെ പിടികൂടുന്നതിനു രാത്രി മുഴുവന്‍ റെയ്ഡ് നടത്തി. പ്രകടനത്തിനു ആഹ്വാനം നല്‍കിയെന്നാരോപിച്ചാണ് ഇത്തിഹാദ് -ഇ- മില്ലത്ത് കൗണ്‍സില്‍ മേധാവി റാസ ഉള്‍പ്പെടെ പേരറിയുന്ന 180 പേര്‍ക്കെതിരെയും പേരറിയാത്ത 2500 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. അക്രമങ്ങളില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വിശ്വാസത്തിന്റെ പേരില്‍ അക്രമത്തിനും അരാജകത്വത്തിനും പ്രേരിപ്പിക്കുന്നവരെയും അതിനു ശ്രമിക്കുന്നവരെയും വെറുതെ വിടില്ലെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിച്ചു. ബറേലി കലാപത്തിന്റെ മുഖ്യ ഗൂഢാലോചനക്കാരന്‍ എന്ന ആരോപണത്തിനു വിധേയനായ മൗലാന തൗഖീര്‍ റാസയെയും മറ്റ് ഏഴുപേരെയും കോടതി 14 ദിവസത്തേക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കു ശേഷം കോട്‌വാലി പ്രദേശത്തെ പള്ളിക്കു പുറത്ത് ഐ ലവ് മുഹമ്മദ് പോസ്റ്ററുകളുമായെത്തിയ വന്‍ ജനക്കൂട്ടം പൊലീസുമായി ഏറ്റുമുട്ടിയതിനാണ് റാസയെ അറസ്റ്റു ചെയ്തത്. ഖത്തീബിന്റെ പ്രകോപന പ്രസംഗത്തെത്തുടര്‍ന്ന് തെരുവിലിറങ്ങിയ ആള്‍ക്കൂട്ടമാണ് തിരഹ മുതല്‍ ഇസ്ലാമിയ ഗ്രൗണ്ട് വരെ ആരാജകത്വം സൃഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച എസ് പി അക്മല്‍ ഖാനാണ് റാസയെ അറസ്റ്റു ചെയ്തത്. 2010ലെ ഒരു കലാപത്തിലും 2019-20ലെ സി എ എ -എന്‍ ആര്‍ സി വിരുദ്ധ പ്രതിഷേധങ്ങളിലും ആള്‍ക്കൂട്ടത്തെ പ്രകോപനത്തിനു പ്രേരിപ്പിച്ചുവെന്നതിനു റാസക്കെതിരെ കേസ് എടുത്തിരുന്നു.
