തിരുവനന്തപുരം: ബന്ധുവീട്ടിന്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ രണ്ടുമാസത്തിന് ശേഷം ബന്ധുവായ യുവതി പിടിയില്‍. ഭരതന്നൂര്‍ നിഖില്‍ ഭവനില്‍ നീതു(33)വിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഭരതന്നൂര്‍ കാവുവിള വീട്ടില്‍ ജൂണിലായിരുന്നു മോഷണ സംഭവം നടന്നത്. വീട്ടില്‍ വിവാഹം കഴിച്ചെത്തിയ യുവതിയുടെ ആഭരണങ്ങളാണ് മോഷണം പോയത്. കല്യാണത്തിനുശേഷം പുതിയ വീട്ടില്‍ ഇവര്‍ 25 ദിവസത്തോളം ഉണ്ടായിരുന്നില്ല. മടങ്ങി എത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസിലായത്. തുടര്‍ന്ന് ആഗസ്റ്റ് എട്ടിന് പാങ്ങോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബന്ധുവായ നീതുവിന്റെ ആര്‍ഭാട ജീവിതത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചിരുന്നു. പൊലീസ് മൂന്ന് തവണ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയെങ്കിലും ചോദ്യംചെയ്‌തെങ്കിലും താന്‍ മോഷണം നടത്തിയിട്ടില്ലെന്ന നിലപാടിലായിരുന്നു നീതു. അതിനിടെ മോഷ്ടിച്ച ആഭരണങ്ങള്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ചതായി പൊലീസിന് വിവരം ലഭിച്ചു.
സ്ഥാപനം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതിനിടെ നീതു സ്ഥാപനത്തിലെത്തി പണയത്തിലുള്ള ആഭരണങ്ങള്‍ മറിച്ചു വിറ്റു. എന്നാല്‍ യുവതിയുടെ ഇടപെടലില്‍ സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാര്‍ ആഭരണങ്ങളുടെ ചിത്രമെടുത്ത് പൊലീസിന് കൈമാറി. ചിത്രം പരിശോധിച്ചതോടെ പരാതിക്കാരി തന്റെ മാലയാണെന്ന് തിരിച്ചറിഞ്ഞു. ഇതിനിടെ ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്നു കാണിച്ച് നീതു ഒരു ബന്ധുവിനൊപ്പം പാങ്ങോട് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നു.
സ്‌റ്റേഷനിലെത്തിയ നീതുവിനെ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ മറ്റു വഴികളില്ലാതെ കുറ്റംസമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ ധനകാര്യ സ്ഥാപനങ്ങളും സിസിടിവികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് നീതുവാണെന്ന് കണ്ടെത്തിയത്. പാങ്ങോട് എസ്എച്ച്ഒ ജിനീഷിന്റെ നേതൃത്വത്തില്‍ സിപിഒമാരായ അനീഷ്,നിസാറുദീന്‍ ആന്‍സി,അനുമോഹന്‍ എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
