കാസര്‍കോട്: മയക്ക് മരുന്ന് പിടികൂടുന്നതിനിടെ കാറില്‍നിന്ന് ഇറങ്ങിയോടിയ കരിവെള്ളൂരിലെ ദന്ത ഡോക്ടര്‍ അറസ്റ്റില്‍. കരിവെള്ളൂര്‍ ഗവ.ആശുപത്രിക്ക് സമീപത്തെ വലിയപീടികയില്‍ ഹൗസില്‍ ഡോ.വിപി മുഹമ്മദ് സുനീറി(32)നെയാണ് ബേക്കല്‍ ഡിവൈ.എസ്.പിയുടെ ഡാന്‍സാഫ് സ്‌ക്വാഡും മേല്‍പറമ്പ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ചട്ടഞ്ചാല്‍ അമ്പത്തഞ്ചാംമൈലില്‍ വാഹന പരിശോധനക്കിടെ
സ്വിഫ്റ്റ് കാറില്‍ നിന്ന് 3.28 ഗ്രാം എം ഡി എം എ യും 10.65 ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. കാര്‍ നിര്‍ത്തിയ ഉടന്‍ ദന്തഡോക്ടര്‍ ഇറങ്ങിയോടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ചട്ടഞ്ചാല്‍ നിസാമുദീന്‍ നഗര്‍ കുറക്കുന്ന് മൊട്ടയിലെ ബി.എം. അഹമ്മദ് കബീറി(36)നെ രാത്രി തന്നെ അറസ്റ്റുചെയ്തിരുന്നു. രക്ഷപ്പെട്ട പ്രതിക്കായിട്ടുള്ള അന്വേഷണത്തിനിടെയാണ് ചെങ്കള നാലാം മൈല്‍ വെച്ചിട്ടുണ്ടായ അപകടത്തില്‍ ഇതേ സ്‌ക്വാഡിലെ ഉദ്യോഗസ്ഥന്‍ കെ.കെ. സജീഷ് മരിച്ചത്. സഹപ്രവര്‍ത്തകന്റെ വിയോഗമുണ്ടാക്കിയ ദുഖം കടിച്ചമര്‍ത്തിയാണ് അന്വേഷണ സംഘം മയക്കുമരുന്ന് കേസിലെ കൂട്ടുപ്രതിയായ ദന്തഡോക്ടറെ വെളളിയാഴ്ച വൈകീട്ടോടെ പിടികൂടിയത്. മേല്‍പ്പറമ്പ ഇന്‍സ്‌പെക്ടര്‍ എ.എന്‍. സുരേഷ് കുമാര്‍, ബേക്കല്‍ സബ് ഡിവിഷന്‍ ഡാന്‍സാഫ് ടീം അംഗങ്ങളായ സീനിയര്‍ സിവില്‍ ഓഫീസര്‍ സുഭാഷ്, സജീഷ്, സുഭാഷ് ചന്ദ്രന്‍,ഡ്രൈവര്‍ സിവില്‍ ഓഫീസര്‍ സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
