ലക്‌നൗ: ‘ഐ ലൗ മുഹമ്മദ്’ പ്രക്ഷോഭം കല്ലേറിലും അക്രമത്തിലും കലാശിച്ചതിനെത്തുടര്‍ന്നു പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തു. കല്ലേറില്‍ 10 പൊലീസുകാരുള്‍പ്പെടെ 50 വോളം പേര്‍ക്കു പരിക്കേറ്റു. ബറേലിയില്‍ 12 പേരെ അറസ്റ്റു ചെയ്തു.
ബറേലിയില്‍ വെള്ളിയാഴ്ച ജുമാ നിസ്‌ക്കാരത്തിനു ശേഷം സംഘം ചേര്‍ന്ന ജനക്കൂട്ടം ഇസ്ലാമിക് ഗ്രൗണ്ടില്‍ തടിച്ചു കൂടുകയും മുദ്രാവാക്യം വിളിച്ച് അക്രമം ആരംഭിക്കുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. തടയാന്‍ ശ്രമിച്ച പൊലീസിനു നേരെ കല്ലെറിഞ്ഞു. പൊലീസ് ലാത്തിച്ചാര്‍ജ്ജിനെത്തുടര്‍ന്നു പ്രക്ഷോഭകര്‍ പിന്തിരിഞ്ഞു. മാവുവിലും പ്രകടനവും അക്രമവുമുണ്ടായിരുന്നു. ബാഗ്പഥ്, ഗുജറാത്ത് ഗാന്ധിനഗര്‍, കര്‍ണ്ണാടക ദാവന്‍ഗരെ, യു പിയിലെ ഉന്നാവോ, മഹാരാജ് ഗഞ്ച്, ലക്‌നൗ, കൗഷാബി, വാരണാസി എന്നിവിടങ്ങളിലും നേരിയ തോതില്‍ പ്രകടനങ്ങളും അക്രമങ്ങളും അരങ്ങേറി.
സെപ്റ്റംബര്‍ നാലിന് ഈദ്മിലാദിനോടനുബന്ധിച്ചു നടന്ന ഘോഷയാത്രക്കിടയില്‍ കാണ്‍പുരില്‍ പരമ്പരാഗതമായി രാമനവമി ആഘോഷത്തിനുപയോഗിക്കുന്ന റോഡ് സൈഡിലെ ഒരു ഷെഡ്ഡില്‍ ഐ ലൗ മുഹമ്മദ് എന്ന പോസ്റ്റര്‍ കെട്ടിയതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടതെന്നു പറയുന്നു. ഇതിനെതിരെ മറ്റൊരുവിഭാഗം പ്രതിഷേധിച്ചു. ഇതോടെ പ്രകടനക്കാര്‍ ബാനര്‍ കെട്ടിയ ഷെഡ് അവിടെ നിന്നു പൊളിച്ചു റോഡില്‍ മറ്റൊരിടത്തു സ്ഥാപിച്ചു. റോഡില്‍ ഷെഡ് കെട്ടാന്‍ പാടില്ലെന്നു നിര്‍ദ്ദേശിച്ചു പൊലീസ് ഷെഡ്ഡും ബാനറും നീക്കം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടു 24പേര്‍ക്കെതിരെ കാണ്‍പൂര്‍ പൊലീസ് കേസെടുത്തു. റോഡില്‍ പുതുതായി ഷെഡ് കെട്ടിയതിനും പരമ്പരാഗതമായി രാംലീലക്കുപയോഗിക്കുന്ന ഷെഡ് പൊളിച്ചതിനുമാണ് കേസെന്നു പൊലീസ് വെളിപ്പെടുത്തി.
വെള്ളിയാഴ്ച കാണ്‍പൂരില്‍ ഒരു പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനക്കു ശേഷം ഖത്തീബ് സെപ്തംബര്‍ 4ന് പൊലീസ് വിവാദ പോസ്റ്റര്‍ നീക്കം ചെയ്തതിലും 24 പേര്‍ക്കെതിരെ കേസെടുത്തതിലും പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നെന്നു പറയുന്നു.
പ്രകടനക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. പൊലീസ് സംഘം പ്രക്ഷോഭകരെ അടിച്ചോടിച്ചു. തുടര്‍ന്നു ഫ്‌ളാഗ് മാര്‍ച്ച് നടത്തിയ പൊലീസ് പ്രാര്‍ത്ഥന കഴിഞ്ഞവര്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങണമെന്ന് മുന്നറിയിച്ചു. ശക്തമായ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. അക്രമികളില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടിയിട്ടുണ്ടെന്നും 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി.
സംഭവത്തെ തുടര്‍ന്നു ബാഗ്പഥ് മാവുവിലും സമാന പോസ്റ്ററും ജുമാനിസ്‌ക്കാരത്തിനു ശേഷം വന്‍ പ്രതിഷേധവുമുണ്ടായി.
അവിടെയും പൊലീസിനു നേരെ കല്ലെറിഞ്ഞു. പൊലീസ് തിരിച്ചടിച്ചു. അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനു 150 പേര്‍ക്കെതിരെ കേസെടുത്തു.
അതേസമയം കാണ്‍പൂരില്‍ പോസ്റ്റര്‍ നീക്കം ചെയ്തതില്‍ ഒരു കൂട്ടം ആളുകള്‍ മുംബൈയില്‍ പൊലീസ് സ്റ്റേഷനിലെത്തി ഉത്കണ്ഠ പ്രകടിപ്പിച്ചു. വ്യാഴാഴ്ച ഗുജറാത്തിലെ ഗാന്ധി നഗറിലും അക്രമമുണ്ടായിരുന്നു. വാഹനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞതിന് 60 പേരെ കസ്റ്റഡിയിലെടുത്തു. അക്രമികള്‍ ഇവിടെ നാലുകടകളും ആറുവാഹനങ്ങളും നശിപ്പിച്ചു. കര്‍ണ്ണാടക ദാവാന്‍ഗരെയില്‍ ചൊവ്വാഴ്ച വൈകിട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. സംഭവങ്ങള്‍ ആസൂത്രിതമാണെന്നു റായ്ബറേലി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അജയ് സാഹ്നി വെളിപ്പെടുത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അക്രമികളെ മാതൃകാപരമായി ശിക്ഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
