ന്യൂഡല്‍ഹി: അമിതവേഗതയില്‍ സഞ്ചരിച്ച ഥാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് മൂന്നു യുവതികളടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ ഗുഡ്ഗാവ് ജാര്‍സ ചൗക്കിന് സമീപമാണ് അപകടം. ഉത്തര്‍പ്രദേശ് സ്വദേശികളായ പ്രതിഭാ മിശ്ര(26), ആദിത്യ പ്രതാപ് സിങ്(30), ലാവണ്യ(26), ഗൗതം(31) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആറുപേരില്‍ അഞ്ചുപേരും മരിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് ഗുരുഗ്രാമിലേക്ക് ജോലി സംബന്ധമായ യാത്രയ്ക്കായി യാത്ര ചെയ്തിരുന്ന മൂന്ന് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും ഉള്‍പ്പെടുന്ന മഹീന്ദ്ര താര്‍ ആയിരുന്നു അപകടത്തില്‍പ്പെട്ടത്. ദേശീയപാതിയില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍, അതിവേഗതയില്‍ വന്ന ഥാര്‍ നിയന്ത്രണം വിട്ട് ജാര്‍സയിലെ ഡിവൈഡറില്‍ ശക്തമായി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനം പലതവണ മറിഞ്ഞു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
കപില്‍ ശര്‍മയാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്. അശ്രദ്ധയോടെ അമിതവേഗതയില്‍ വാഹനമോടിച്ചതിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
